പുതിയ 'ലോസ്റ്റ് & ഫൗണ്ട്' നിയമം പ്രഖ്യാപിച്ച് ദുബായ്; കളഞ്ഞുകിട്ടുന്ന വസ്തുക്കൾ പൊലീസിൽ ഏൽപിച്ചാൽ 50,000 ദിർഹം വരെ സമ്മാനം

 

പുതിയ 'ലോസ്റ്റ് & ഫൗണ്ട്' നിയമം പ്രഖ്യാപിച്ച് ദുബായ്. ദുബൈയിൽ കളഞ്ഞു കിട്ടുന്ന വസ്തുക്കൾ 24 മണിക്കൂറിനുള്ളിൽ പൊലീസിൽ ഏൽപിച്ചാൽ 50000 ദിർഹം വരെ സമ്മാനം ലഭിക്കും. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പുതിയ ലോസ്റ്റ് & ഫൗണ്ട് നിയമം പ്രഖ്യാപിച്ചത്. വസ്തുവിന്റെ മൂല്യത്തിന്റെ 10 ശതമാനം വരെയായിരിക്കും സമ്മാനത്തുക. ഇത് പരമാവധി 50,000 ദിർഹം ആയിരിക്കും.

നിയമത്തിൽ വസ്തുക്കളെ നഷ്ടപ്പെട്ടത്, ഉപേക്ഷിച്ചത് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. മൂല്യവും ഉടമസ്ഥാവകാശമുള്ളതുമായ ബോധപൂർവം ഉപേക്ഷിച്ചതല്ലാത്ത പണമോ മറ്റു വസ്തുക്കളെയോ ആണ് നഷ്ടപ്പെട്ട ഗണത്തിൽ ഉൾപെടുത്തുന്നത്. മനപൂർവം ഉപേക്ഷിച്ച ഇത്തരം വസ്തുതുക്കൾ ഉപേക്ഷിച്ചത് എന്ന ഗണത്തിലും ഉൾപ്പെടും. അലഞ്ഞുതിരിയുന്ന മൃഗങ്ങളെ ഈ വിഭാഗങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വസ്തുക്കൾ ലഭിക്കുന്നവർ 24 മണിക്കൂറിനുള്ളിൽ ദുബൈ പൊലീസിന്റെ ഇലക്ട്രോണിക് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം. ശേഷം 48 മണിക്കൂറിനുള്ളിൽ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിൽ വസ്തു ഏൽപിക്കണം. . എന്നാൽ, ഒരു വർഷത്തിനുള്ളിൽ ഉടമസ്ഥൻ അവകാശവാദം ഉന്നയിച്ച് എത്തിയില്ലെങ്കിൽ കണ്ടെത്തിയയാൾക്ക് പൊലീസ് നിബന്ധനകൾക്ക് വിധേയമായി വസ്തു സ്വന്തമാക്കാൻ അപേക്ഷിക്കാം. ഒരു വർഷത്തിന് ശേഷം ഉടമസ്ഥൻ എത്തിയാൽ വസ്തു നൽകുകയും ചെയ്യണം. തുടങ്ങിയവയാണ് പുതിയ നിയമത്തിലെ പ്രവർത്തനം.ഇവ ലംഘിച്ചാൽ വസ്തു കണ്ടെത്തിയ ആൾ നിയമനടപടി നേരിടേണ്ടി വരും. നിയമലംഘകർക്ക് 2 ലക്ഷം ദിർഹം വരെയാണ് പിഴ.