മുതിർന്ന പൗരന്മാർക്കായി ‘ബർവ’ പദ്ധതിയുടെ രണ്ടാം ഘട്ടവുമായി ദുബായ് ഭൂമിസംരക്ഷണ വകുപ്പ്

 

മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എളുപ്പമാക്കുന്നതിനായി ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റും കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയും ചേർന്ന് ‘ബർവ’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായുള്ള ആദ്യ ബോധവൽക്കരണ ശിൽപശാല അൽ ബർഷ കമ്മ്യൂണിറ്റി സെന്ററിൽ നടന്നു. വരും ദിവസങ്ങളിൽ അൽ വസൽ, അൽ ഖവാനീജ് എന്നിവിടങ്ങളിലും ശിൽപശാലകൾ സംഘടിപ്പിക്കും.

‘നിങ്ങൾ വിലപ്പെട്ടവരാണ്, എപ്പോഴും അർഹമായ പരിഗണന ലഭിക്കേണ്ടവരുമാണ്’ എന്ന സന്ദേശവുമായി എത്തുന്ന ഈ പദ്ധതി വഴി മുതിർന്ന പൗരന്മാർക്ക് ഓഫിസുകൾ കയറിയിറങ്ങാതെ വീട്ടുപടിക്കൽ സേവനങ്ങൾ ലഭ്യമാക്കും. പദ്ധതി ആരംഭിച്ചത് മുതൽ ഇതുവരെ 18,599-ലധികം പേരാണ് ഇതിന്റെ ഗുണഭോക്താക്കളായത്.

റിയൽ എസ്റ്റേറ്റ് സേവനങ്ങൾ നേരിട്ടെത്തിക്കുന്ന ‘അൽ തരാഷ്’, ഇടപാടുകൾക്ക് പ്രത്യേക അസിസ്റ്റന്റിനെ നൽകുന്ന ‘അൽ കരാനി’, എവിടെയിരുന്നും വസ്തുവകകൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ‘അൽ കൈതൂബ്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്നിവയാണ് പദ്ധതിയുടെ പ്രധാന ആകർഷണങ്ങൾ. സ്മാർട്ട് സേവനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിച്ച് ദുബായ് സോഷ്യൽ അജണ്ട 33-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഈ പദ്ധതി സഹായിക്കും.