ദുബൈ ഇ-സ്‌കൂട്ടര്‍ പെർമിറ്റ് ഇനി ‘നൗ ആപ്പുകൾ’ വഴിയും നേടാം; സേവനം വിപുലീകരിച്ച് ആർ.ടി.എ
ദുബൈയിൽ ഇ-സ്‌കൂട്ടര്‍ റൈഡിങ് പെർമിറ്റുകൾ ഇനി മുതൽ ആർ.ടി.എയുടെ (RTA) ‘നൗ ആപ്ലിക്കേഷനുകൾ’ (Now Apps) വഴിയും ലഭ്യമാകും. നേരത്തെ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമായിരുന്ന ഈ സേവനം, ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വർധനവും സ്മാർട്ട് സിറ്റി പദ്ധതികളുടെ വിപുലീകരണവും കണക്കിലെടുത്താണ് കൂടുതൽ ചാനലുകളിലേക്ക് വ്യാപിപ്പിച്ചത്. വെബ്‌സൈറ്റ് വഴിയുള്ള നിലവിലെ സേവനവും തുടരും.
പെർമിറ്റ് ലഭിക്കുന്നതിനായി അപേക്ഷകർ ഇ-സ്‌കൂട്ടർ റൈഡിങ് നിയമങ്ങൾ, സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഓൺലൈൻ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കണം. ഇതിനുശേഷം സ്മാർട്ട് ചാനലുകൾ വഴി ഇലക്ട്രോണിക് പെർമിറ്റ് അനുവദിക്കും. ഇ-സ്‌കൂട്ടർ ഉപയോഗം നിയന്ത്രിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമാണ് ആർ.ടി.എ ലക്ഷ്യമിടുന്നത്. കൃത്യമായ അനുമതിയില്ലാതെ ഇ-സ്‌കൂട്ടർ ഓടിക്കുന്നത് നിയമലംഘനമായി കണക്കാക്കും.
17 വയസ്സാണ് ഇ-സ്‌കൂട്ടർ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി. യുഎഇ അല്ലെങ്കിൽ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് പ്രത്യേക ഇളവുകൾ ലഭിക്കും. ഡൗൺ ടൗൺ ദുബൈ, ജുമൈറ, പാം ജുമൈറ തുടങ്ങിയ സ്ഥലങ്ങളിൽ റൈഡിങ് അനുവദനീയമാണെങ്കിലും സീഹ് അൽ സലാം, അൽ ഖുദ്ര, അൽ മെയ്ദാൻ തുടങ്ങിയ ഇടങ്ങളിൽ അനുമതിയില്ല. ഹെൽമറ്റ് ധരിക്കാതിരിക്കുകയോ നിശ്ചിത പാതകൾക്ക് പുറത്ത് യാത്ര ചെയ്യുകയോ ചെയ്താൽ കർശനമായ പിഴ ഈടാക്കുമെന്നും ആർ.ടി.എ മുന്നറിയിപ്പ് നൽകി.