ദുബൈ ഫ്യൂച്ചർ വീക്ക് നവംബറിൽ; ആഗോള സംഗമത്തിന്റെ തീയതികൾ ശൈഖ് ഹംദാൻ പ്രഖ്യാപിച്ചു

 

ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷന്റെ (ഡി.എഫ്.എഫ്) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ദുബൈ ഫ്യൂച്ചർ വീക്ക്’ 2026 നവംബർ 18 മുതൽ 21 വരെ നടക്കുമെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. 'ദുബൈ വിഷൻ 2030'ന്റെ ഭാഗമായി ഭാവി സാങ്കേതികവിദ്യകളെ മനുഷ്യനന്മയ്ക്കായി പ്രയോജനപ്പെടുത്താനും ആഗോള പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ സമ്മേളനം. എമിറേറ്റ്‌സ് ടവേഴ്‌സ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവിടങ്ങളിലായിരിക്കും പരിപാടി നടക്കുക.

‘ഭാവിയിലെ മനുഷ്യർക്കായി’ എന്ന പ്രമേയത്തിൽ ഒരുക്കുന്ന പരിപാടിയിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ, വ്യവസായ പ്രമുഖർ, നയരൂപീകരണ വിദഗ്ദ്ധർ, നിക്ഷേപകർ എന്നിവരുൾപ്പെടെ പതിനായിരത്തിലധികം പേർ പങ്കെടുക്കും. സാങ്കേതിക-ശാസ്ത്രീയ രംഗങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും ജോലിസ്ഥലങ്ങളെയും ആരോഗ്യമേഖലയെയും എങ്ങനെ സ്വാധീനിക്കുമെന്ന് നാലുദിവസത്തെ ഉച്ചകോടി വിലയിരുത്തും.

നഗരജീവിതവും ഗതാഗതവും, എ.ഐ കാലഘട്ടത്തിലെ വിദ്യാഭ്യാസവും, റോബോട്ടിക്സും, ആരോഗ്യവും ദീർഘായുസ്സും, ഭാവിയിലെ സമ്പദ്‌വ്യവസ്ഥയും ബിസിനസും എന്നീ അഞ്ച് പ്രധാന പ്രമേയങ്ങളിലാണ് ചർച്ചകളും പ്രദർശനങ്ങളും നടക്കുക. ദുബൈ ഫ്യൂച്ചർ ഫോറം, ദുബൈ എ.ഐ വീക്ക് തുടങ്ങിയ പ്രമുഖ പരിപാടികളും ഇതിന്റെ ഭാഗമായി സംയോജിപ്പിക്കും. കൂടാതെ എ.ഐ ഗ്രാൻഡ്‌മാസ്റ്റർ, ദുബൈ ഫോർസൈറ്റ് അവാർഡുകൾ, പ്രോട്ടോടൈപ്സ് ഫോർ ഹ്യൂമാനിറ്റി പ്രദർശനം, ടെഡ് ടോക്കുകൾ എന്നിവയും അരങ്ങേറും.