ഗസ്സയിലേക്ക് അടിയന്തര സഹായമെത്തിക്കാൻ ‘ദുബൈ ഹ്യുമാനിറ്റേറിയൻ’ എയർബ്രിഡ്ജ്

 

കടുത്ത ദുരിതം അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ അടിയന്തര വൈദ്യസഹായങ്ങളും ആരോഗ്യ സാമഗ്രികളും എത്തിക്കുന്നതിനായി ‘ദുബൈ ഹ്യുമാനിറ്റേറിയൻ’ എയർബ്രിഡ്ജ് സൗകര്യം ആരംഭിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് അടിയന്തര നടപടി.

പദ്ധതിയുടെ ഭാഗമായി 11 മെട്രിക് ടൺ അവശ്യമരുന്നുകളുമായി ആദ്യ വിമാനവും, തൊട്ടുപിന്നാലെ ടെന്റുകളും പോഷകാഹാരങ്ങളുമായി മൂന്ന് വിമാനങ്ങളും ഗസ്സയിലേക്ക് തിരിച്ചു. ഈ സർവീസുകളിലൂടെ വൈദ്യസഹായത്തിന് പുറമെ താൽക്കാലിക അഭയകേന്ദ്രങ്ങളും പോഷകാഹാരങ്ങളും ദുരിതബാധിതർക്ക് ലഭ്യമാക്കും.

വരും ആഴ്ചകളിൽ ലോകാരോഗ്യ സംഘടനയുടെ ആകെ 150 മെട്രിക് ടൺ വൈദ്യസഹായങ്ങൾ ഗസ്സയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ദുബൈയിലെ ഗ്ലോബൽ ലോജിസ്റ്റിക്‌സ് സെന്ററിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് നിലവിൽ കൈമാറുന്നത്.