പുതുവത്സരാഘോഷം: 43 മണിക്കൂർ തുടർച്ചയായ സർവീസുമായി ദുബൈ മെട്രോ
പുതുവത്സരപ്പിറവി ആഘോഷിക്കാനെത്തുന്ന ലക്ഷക്കണക്കിന് ആളുകളുടെ യാത്ര സുഗമമാക്കുന്നതിനായി ദുബൈ മെട്രോ തുടർച്ചയായി 43 മണിക്കൂർ സർവീസ് നടത്തും. ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന മെട്രോ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച അർധരാത്രി 11.59 വരെ നീണ്ടുനിൽക്കും. റെഡ്, ഗ്രീൻ ലൈനുകളിൽ ഒരുപോലെ ഈ സേവനം ലഭ്യമായിരിക്കും.
മെട്രോയ്ക്ക് പുറമെ ദുബൈ ട്രാമും ബുധനാഴ്ച രാവിലെ 6 മുതൽ വെള്ളിയാഴ്ച പുലർച്ചെ 1 മണി വരെ നിർത്താതെ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഡൗൺടൗൺ ദുബൈ ഉൾപ്പെടെയുള്ള പ്രധാന ആഘോഷ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധ ഘട്ടങ്ങളിലായി റോഡ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബുർജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗം ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നിർദേശിച്ചു.