ദുബായ് മിനിബസ് അപകടം: മരണം എട്ടായി; മരിച്ചവരിൽ ആറ് ഇന്ത്യക്കാർ

 

ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. ഇതിൽ ആറുപേർ ഇന്ത്യക്കാരാണ്. ഒപ്പമുണ്ടായിരുന്ന ശ്രീലങ്ക, നേപ്പാൾ സ്വദേശികളാണ് മരിച്ച മറ്റുള്ളവർ. 'മോട്ടീവ് ടെക്‌നിക്കൽ സർവീസ്' കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടത്. മരിച്ചവരിൽ മലയാളികളുണ്ടോ എന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

ഏഴ് പേർ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. സാങ്കേതിക തകരാറിനെ തുടർന്ന് റോഡിന് നടുവിൽ നിന്നുപോയ ട്രക്കിന് പിന്നിലേക്ക് മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. മുൻപിലുണ്ടായിരുന്ന ട്രക്കുമായി സുരക്ഷിത അകലം പാലിക്കാതിരുന്നതും മിനിബസ് ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. മറ്റ് നാല് പേർക്ക് നിസാര പരിക്കുകളുണ്ട്. പരിക്കേറ്റ എല്ലാവരെയും വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ജുമ സലിം ബിൻ സുവൈദാൻ അറിയിച്ചു. വിവരമറിഞ്ഞ് ദുബായ് പോലീസ് പട്രോളിംഗ് സംഘവും എയർ ആംബുലൻസ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകരും ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു.