ദുബായ് പോലീസും എഫ്.എ.എയും കൈകോർക്കുന്നു; സാമ്പത്തിക ക്രമക്കേടുകൾ തടയാൻ സംയുക്ത നീക്കം

 

ദുബായിൽ പൊതുമുതൽ സംരക്ഷിക്കുന്നതിനും സാമ്പത്തിക, ഭരണപരമായ സുതാര്യത ഉറപ്പാക്കുന്നതിനുമായി ദുബായ് പോലീസും ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റിയും (FAA) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സാമ്പത്തിക തട്ടിപ്പുകളും ക്രമക്കേടുകളും ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ഇരു സ്ഥാപനങ്ങളുടെയും വൈദഗ്ധ്യവും സാങ്കേതിക ശേഷികളും പരസ്പരം പങ്കുവെക്കാനാണ് ഈ തീരുമാനം.

എഫ്.എ.എ സംഘടിപ്പിച്ച മൂന്നാമത് 'ഫോർസീയിങ് ഗവൺമെന്റ് ഓഡിറ്റ് ഫ്യൂച്ചർ കോൺഫറൻസിൽ' വെച്ചാണ് കരാർ ഒപ്പുവെച്ചത്. സാമ്പത്തിക മേഖലയിലെ പരിശോധനകളും അന്വേഷണങ്ങളും കൂടുതൽ കൃത്യതയുള്ളതാക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റി ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ അൽ ഹാരെബ് അഭിപ്രായപ്പെട്ടു.

ദുബായ് പോലീസിന്റെ അത്യാധുനിക ഫോറൻസിക് പരിശോധനാ സംവിധാനങ്ങളും സാങ്കേതിക മികവും എഫ്.എ.എയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുമെന്ന് ദുബായ് പോലീസ് ക്രിമിനൽ അഫയേഴ്സ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരെബ് അൽ ഷംസി വ്യക്തമാക്കി. സുരക്ഷിതമായ രേഖാ കൈമാറ്റം, വിവരശേഖരണം, തെളിവുകളുടെ ശാസ്ത്രീയ പരിശോധന എന്നിവയ്ക്ക് പുറമെ ഉദ്യോഗസ്ഥർക്കായി പ്രത്യേക പരിശീലന ശില്പശാലകളും സംയുക്തമായി സംഘടിപ്പിക്കും.