ദുബായ് പോലീസ് കാർണിവലിന് ഇന്ന് തുടക്കം; പോലീസ് സേവനങ്ങൾ ഇനി അടുത്തു കാണാം

 

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ (DSF) ഭാഗമായി സംഘടിപ്പിക്കുന്ന ദുബായ് പോലീസ് കാർണിവലിന് ഇന്ന് (വെള്ളിയാഴ്ച) സിറ്റി വാക്കിൽ തുടക്കമാകും. കുടുംബങ്ങൾക്കും കുട്ടികൾക്കും പോലീസിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കുന്ന പരിപാടി മൂന്ന് ദിവസം നീണ്ടുനിൽക്കും. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയാണ് സന്ദർശകർക്ക് പ്രവേശനം.

സുരക്ഷ, വിശ്വാസം, സന്തോഷം എന്നിവ മുൻനിർത്തി സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ഇത്തരമൊരു സംരംഭം സംഘടിപ്പിക്കുന്നതെന്ന് കമ്മ്യൂണിറ്റി ഹാപ്പിനസ് ജനറൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു. ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പ്, ഗാർഹിക സുരക്ഷാ സേവനങ്ങൾ, 'പോലീസ് ഐ' റിപ്പോർട്ടിംഗ്, 'അമൻ റോഡ്‌സ്' പ്ലാറ്റ്‌ഫോം തുടങ്ങിയ വിവിധ ഡിജിറ്റൽ-കമ്മ്യൂണിറ്റി സേവനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ഈ കാർണിവലിലൂടെ നേരിട്ട് മനസ്സിലാക്കാം.

പോലീസിന്റെ ചരിത്രവും സാങ്കേതിക വളർച്ചയും വ്യക്തമാക്കുന്ന ദുബായ് പോലീസ് മ്യൂസിയം പ്രദർശനം, മോട്ടോർ സൈക്കിൾ-സൈക്കിൾ പ്രകടനങ്ങൾ, പോലീസ് അക്കാദമി ബാൻഡിന്റെ സംഗീതം, പോലീസ് നായ്ക്കളുടെ (K9) സാഹസിക പ്രകടനങ്ങൾ എന്നിവ കാർണിവലിന്റെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ, ലോകപ്രശസ്തമായ ദുബായ് പോലീസിന്റെ ആഡംബര പട്രോൾ വാഹനങ്ങൾ, ക്ലാസിക് ലാൻഡ് റോവർ, റമദാൻ പീരങ്കി എന്നിവയും പ്രദർശനത്തിനുണ്ടാകും.