ദുബായിൽ ഇ-സ്‌കൂട്ടർ, സൈക്കിൾ യാത്രക്കാർക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബായ് പോലീസ്
ദുബായിൽ സൈക്കിൾ, ഇ-സ്കൂട്ടർ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നതിനുമായി ദുബായ് പോലീസ് പുതിയ ബോധവത്കരണ ക്യാംപെയ്ൻ ആരംഭിച്ചു. പോർട്സ് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ‘സൈക്ലിസ്റ്റുകളുടെയും ഇ-സ്കൂട്ടർ യാത്രികരുടെയും സുരക്ഷയ്ക്കായി ഒന്നിച്ച്’ എന്ന പേരിൽ ഡ്രൈഡോക്സ് വേൾഡിലെ ജീവനക്കാർക്കായാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സുരക്ഷിതമല്ലാത്ത യാത്രാരീതികൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് പോർട്സ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹസ്സൻ സുഹൈൽ അൽ സുവൈദി വ്യക്തമാക്കി. നിശ്ചിതമല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നതും പൊതുനിരത്തുകളിൽ വാഹനങ്ങൾക്കിടയിലൂടെ അപകടകരമായ രീതിയിൽ ഓടിക്കുന്നതും ജീവന് ഭീഷണിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
യാത്രക്കാർ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ:
- സൈക്കിളുകൾക്കും ഇ-സ്കൂട്ടറുകൾക്കുമായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ട്രാക്കുകൾ മാത്രം ഉപയോഗിക്കുക.
- ഹെൽമറ്റ്, മുട്ടുസംരക്ഷണ കവചം (നീ പാഡ്), രാത്രികാലങ്ങളിൽ തിരിച്ചറിയാൻ സഹായിക്കുന്ന റിഫ്ലക്ടീവ് (ഫ്ലൂറസെന്റ്) ജാക്കറ്റുകൾ എന്നിവ നിർബന്ധമായും ധരിക്കണം.
- സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും മുന്നിൽ വെള്ള വെളിച്ചവും പിന്നിൽ ചുവന്ന വെളിച്ചവും നൽകുന്ന ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
- വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും തടസ്സമുണ്ടാക്കുന്ന രീതിയിൽ ഇവ അലക്ഷ്യമായി പാർക്ക് ചെയ്യരുത്. ട്രാഫിക് സിഗ്നൽ ബോർഡുകളിലോ വിളക്കുകാലുകളിലോ കെട്ടിയിടാൻ പാടില്ല.
- മറ്റു വാഹനങ്ങളിൽ നിന്നും കാൽനടയാത്രക്കാരിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചുമാത്രമേ യാത്ര ചെയ്യാവൂ.
ആർടിഎ (RTA), ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ചടങ്ങിൽ നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് പോലീസ് ജീവനക്കാർക്ക് സൗജന്യ സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു.