ദുബൈ പൊലീസിന്​ അന്താരാഷ്ട്ര ബാലസംരക്ഷണ അംഗീകാരം

 

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്കൻ (MENA) മേഖലയിൽ ഇന്റർനാഷണൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ചൈൽഡ് അബ്യൂസ് ആൻഡ് നെഗ്ലെക്റ്റിന്റെ (ISPCAN) അംഗീകാരം നേടുന്ന ആദ്യ പൊലീസ് സ്ഥാപനമായി ദുബൈ പൊലീസ്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് ദുബൈ പൊലീസിന്റെ ജനറൽ ഡിപാർട്​മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സിനാണ് ഈ പുരസ്‌കാരം ലഭിച്ചത്.

പീഡനങ്ങൾക്കോ പ്രയാസങ്ങൾക്കോ ഇരയാകുന്ന കുട്ടികൾക്ക് മാനസിക സമ്മർദമില്ലാതെ മൊഴി നൽകാനും നിയമ-സാമൂഹിക-മാനസിക പിന്തുണ ലഭ്യമാക്കാനും ദുബൈ പൊലീസ് സജ്ജമാക്കിയ ‘ചൈൽഡ് ഒയാസിസ്’ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. 2026 'കുടുംബ വർഷമായി' യു.എ.ഇ ആചരിക്കുന്ന വേളയിൽ ലഭിച്ച ഈ നേട്ടം രാജ്യത്തിന് വലിയ അഭിമാനമാണെന്ന് ദുബൈ പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.

1977-ൽ സ്ഥാപിതമായ ISPCAN-ന്റെ ഈ ആഗോള അംഗീകാരം വഴി ബാലസംരക്ഷണ രംഗത്തെ പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി മികച്ച മാതൃകകൾ പങ്കുവെക്കാനും കൂടുതൽ പരിശീലനങ്ങളിലൂടെ സേവനങ്ങൾ മെച്ചപ്പെടുത്താനും ദുബൈ പൊലീസിന് സാധിക്കും.