വ്യാജ പാർട്ട് ടൈം ജോലി വാഗ്ദാനം: തട്ടിപ്പ് സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്
വ്യാജ പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്ത് ആളുകളെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി ദുബായ് പോലീസ്. ഉദ്യോഗാർഥികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾ, ഇരകളെക്കൊണ്ട് പുതിയ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച ശേഷമാണ് തട്ടിപ്പ് നടത്തുന്നത്.
ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പിനിരയായ ഒരു യുവാവിന്റെ കേസും പോലീസ് പുറത്തുവിട്ടു. സോഷ്യൽ മീഡിയയിൽ കണ്ട 'വർക്ക് ഫ്രം ഹോം' പാർട്ട് ടൈം ജോലി പരസ്യത്തിൽ ആകൃഷ്ടനായാണ് യുവാവ് അപേക്ഷ നൽകിയത്. അധിക വരുമാനം നേടാമെന്ന വാഗ്ദാനത്തിൽ വീണ ഇയാളോട്, ജോലി ലഭിച്ചതായി അറിയിച്ച ശേഷം ബാങ്ക് അക്കൗണ്ട് തുറന്ന് പണം സ്വീകരിക്കാനും കൈമാറാനും ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഈ അക്കൗണ്ട് വഴിയുള്ള സാമ്പത്തിക ഇടപാടുകൾ പോലീസ് കൃത്യമായി നിരീക്ഷിച്ചതോടെയാണ് തട്ടിപ്പ് സംഘം പിടിയിലായത്. ഇത്തരം വാഗ്ദാനങ്ങളിൽ വീഴരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.