ദുബൈ ആർ.ടി.എ റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവൽ: രണ്ടാം പതിപ്പിലെ വിജയികൾക്ക് മൂന്ന് ലക്ഷം ദിർഹം സമ്മാനം

 

ട്രാഫിക് ബോധവൽക്കരണം ശക്തമാക്കുന്നതിനായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു. അസീസി ഡെവലപ്‌മെന്റ്‌സുമായി സഹകരിച്ചാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. മൂന്ന് ലക്ഷം ദിർഹമാണ് മത്സരത്തിലെ ആകെ സമ്മാനത്തുക. ഹ്രസ്വചിത്രങ്ങളിലൂടെ സുരക്ഷിതമായ ഡ്രൈവിങ് രീതികൾ പ്രചരിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

വ്യക്തികൾക്കും സർവകലാശാല വിദ്യാർഥികൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. ആഗസ്റ്റ് 24 മുതൽ നവംബർ 22 വരെ ആർ.ടി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.rta.ae/roadsafetyfilmfestival) വഴി അപേക്ഷകൾ നൽകാം. 100ലധികം എൻട്രികൾ ലഭിച്ച ഒന്നാം പതിപ്പിന്റെ വിജയത്തിന് ശേഷമാണ് കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തി പുതിയ പതിപ്പ് എത്തുന്നത്.

വ്യക്തികളും വിദ്യാർഥികളും, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, കമ്യൂണിറ്റി എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇതിൽ ആദ്യത്തെയും മൂന്നാമത്തെയും വിഭാഗങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 30,000 ദിർഹം, 20,000 ദിർഹം, 10,000 ദിർഹം വീതം ആകെ 2,40,000 ദിർഹത്തിന്റെ കാഷ് അവാർഡുകൾ ലഭിക്കും. സ്ഥാപനങ്ങൾക്കായുള്ള രണ്ടാം വിഭാഗത്തിലെ വിജയികൾക്ക് ട്രോഫികളാണ് സമ്മാനിക്കുക. 'കുടുംബ വർഷം' പ്രമാണിച്ചുള്ള ചിത്രങ്ങൾക്കും വാഹനാപകടങ്ങളിൽപ്പെട്ടവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും മത്സരത്തിൽ പ്രത്യേക മുൻഗണനയുണ്ട്.

റോഡപകടങ്ങളും മരണങ്ങളും പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർ.ടി.എ ഈ പദ്ധതി നടപ്പാക്കുന്നത്. വിജയിക്കുന്ന ചിത്രങ്ങൾ ആർ.ടി.എയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും സ്കൂളുകളിലെ ബോധവൽക്കരണ പരിപാടികളിലും വർക്ക്ഷോപ്പുകളിലും പ്രദർശിപ്പിക്കും. സുരക്ഷിതമായ യാത്രാസംസ്കാരം വളർത്തിയെടുക്കുന്നതിലൂടെ അപകടങ്ങളും പരിക്കുകളും കുറയ്ക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.