സർക്കാർ സേവനങ്ങളിൽ വേഗതയും മികവും ഉറപ്പാക്കാൻ 'ദുബായ്-ഇറ്റ്' പദ്ധതിയുമായി ദുബായ് ഭരണാധികാരി
സർക്കാർ പ്രവർത്തനങ്ങളിൽ ഭരണമികവിന്റെയും ഉന്നത തൊഴിൽ സംസ്കാരത്തിന്റെയും പുതിയ മാതൃക സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും 'ദുബായ്-ഇറ്റ്' (Dubai-It) പദ്ധതിക്ക് തുടക്കം കുറിച്ചു. സർക്കാർ സേവനങ്ങളിൽ വേഗത, കൃത്യത, നൂതനത്വം എന്നിവ ഉറപ്പാക്കാനും സ്ഥാപനങ്ങളിൽ കൂടുതൽ ഉത്തരവാദിത്തമുള്ള പ്രവർത്തനരീതി കെട്ടിപ്പടുക്കാനുമാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റെക്കോർഡ് സമയത്തിനുള്ളിൽ ഏറ്റവും മികച്ച ഫലങ്ങൾ കൈവരിക്കുക എന്നതാണ് 'ദുബായ്-ഇറ്റ്' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സാധാരണക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള സർക്കാർ സേവനങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. "വേഗത എന്നാൽ തിടുക്കമല്ല, ഗുണനിലവാരം എന്നാൽ മന്ദഗതിയുമല്ല. പ്രവർത്തനമില്ലാത്ത ലക്ഷ്യങ്ങൾക്ക് ഒരു മൂല്യവുമില്ല," എന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. പറഞ്ഞ കാര്യങ്ങൾ പ്രവർത്തിച്ചു കാണിക്കുന്നതാണ് ദുബായിയുടെ ശൈലിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആധുനിക ഭരണരീതികളെ ഡിജിറ്റൽ യുഗത്തിനനുസരിച്ച് നവീകരിക്കാനും സർക്കാർ സംവിധാനങ്ങളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും 'ദുബായ്-ഇറ്റ്' സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ദുബായിലെ വിവിധ സർക്കാർ വകുപ്പുകളെ ഒരേ ലക്ഷ്യത്തോടെ ഏകോപിപ്പിക്കാനും സ്ഥാപനങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരക്ഷമത വർധിപ്പിക്കാനും പുതിയ തൊഴിൽ സംസ്കാരം വഴിയൊരുക്കും.