യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പുമായി ദുബായ് ടാക്സി; കഴിഞ്ഞ വർഷം യാത്ര ചെയ്തത് 20.9 കോടി പേർ

 

ദുബായ് എമിറേറ്റിൽ ടാക്സി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ വർഷം മാത്രം 20.9 കോടി പേരാണ് ദുബായിലെ ടാക്സി, ലിമോസിൻ സേവനങ്ങൾ ഉപയോഗപ്പെടുത്തിയത്. 2024-നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 4.2 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ടാക്സി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ 45 ശതമാനത്തിന്റെ വർധനവുണ്ടായതായി ദുബായ് റോഡ് ഗതാഗത അതോറിറ്റി (RTA) വ്യക്തമാക്കി.

സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിച്ചതും വാഹനങ്ങളുടെ ആധുനികവൽക്കരണവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. നിലവിൽ ദുബായിലെ ടാക്സികളിൽ 90 ശതമാനവും ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങളാണ്. 2040-ഓടെ 100 ശതമാനം വാഹനങ്ങളും ഇലക്ട്രിക് മോഡിലേക്ക് മാറ്റാനാണ് ആർ.ടി.എ ലക്ഷ്യമിടുന്നത്. ദുബായ് നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി 2050-ന്റെ ഭാഗമായാണ് ഈ നീക്കം. യാത്രക്കാർക്കായി ലെതർ സീറ്റുകൾ, ഡിജിറ്റൽ റൂഫ് ലൈറ്റുകൾ തുടങ്ങിയ നൂതന സൗകര്യങ്ങളും ടാക്സികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ലിമോസിൻ മേഖലയിലും വലിയ വളർച്ചയാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ലിമോസിൻ ട്രിപ്പുകളുടെ എണ്ണം 25 ശതമാനം വർധിച്ച് 4.1 കോടിയായി ഉയർന്നു. 35 കമ്പനികളിലായി ഏകദേശം 2,500 വാഹനങ്ങളാണ് ഈ മേഖലയിൽ സർവീസ് നടത്തുന്നത്. നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള സുരക്ഷാ സംവിധാനങ്ങൾ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നു. പരമ്പരാഗത ബുക്കിംഗ് രീതികളിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള മാറ്റം ദുബായിലെ ഗതാഗത മേഖലയിൽ വൻ വിജയമാണെന്ന് പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ ആദിൽ ശാക്കിരി പറഞ്ഞു.