ദുബൈ ജനസംഖ്യയിൽ വൻ വർധനവ്; പകൽസമയത്ത് ദുബൈയിലെത്തുന്നത് ലക്ഷങ്ങൾ

 

ദുബൈയിലെ ജനസംഖ്യയിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തിയതായി ഡിജിറ്റൽ ദുബൈയുടെ പുതിയ കണക്കുകൾ. മുൻവർഷത്തെ അപേക്ഷിച്ച് 7.5 ശതമാനത്തിന്റെ വളർച്ചയോടെ ദുബൈയിലെ നിവാസികളുടെ എണ്ണം 45.8 ലക്ഷം പിന്നിട്ടു. തൊഴിൽ ആവശ്യങ്ങൾക്കായി മറ്റ് എമിറേറ്റുകളിൽ നിന്ന് എത്തുന്നവരും സഞ്ചാരികളും ഉൾപ്പെടെ പകൽസമയങ്ങളിൽ ദുബൈയിലുള്ളവരുടെ ആകെ എണ്ണം 63.92 ലക്ഷം കടക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മുൻവർഷത്തെക്കാൾ ഏകദേശം 3.32 ലക്ഷത്തോളം പേരുടെ വർധനവാണ് ജനസംഖ്യയിലുണ്ടായിട്ടുള്ളത്. ആകെ നിവാസികളിൽ 69 ശതമാനവും പുരുഷന്മാരാണ്. ദിവസവും പതിനെട്ട് ലക്ഷത്തിലധികം ആളുകളാണ് ജോലിക്കായും മറ്റുമായി മറ്റ് എമിറേറ്റുകളിൽ നിന്ന് ദുബൈയിലേക്ക് എത്തുന്നത്. 1881-ൽ കേവലം 12,000 മാത്രമായിരുന്ന ദുബൈ ജനസംഖ്യ 144 വർഷങ്ങൾ കൊണ്ട് 380 മടങ്ങിലധികമായി വളർന്നു എന്നത് ശ്രദ്ധേയമാണ്.