ഡെലിവറിക്കിടെ റോഡിലെ വാട്ടർ പൈപ്പ് നന്നാക്കി ഗതാഗത തടസ്സം നീക്കി; ഡെലിവറി ബോയിക്ക് ദുബായ് സർക്കാരിന്റെ ആദരം
ഡെലിവറി ഓർഡർ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനിടയിലും റോഡിലെ പൈപ്പ് നന്നാക്കി ഗതാഗത തടസ്സം പരിഹരിച്ച മുഹമ്മദ് പർവേസ് എന്ന ഇന്ത്യൻ ഡെലിവറി ജീവനക്കാരന് ദുബായ് സർക്കാരിന്റെ ആദരം. ജബൽ അലിയിലെ പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അധികൃതർ അദ്ദേഹത്തെ ആദരിച്ചത്. വഴിയാത്രക്കാരനായ സ്വദേശി പൗരൻ പർവേസിന്റെ പ്രവൃത്തി മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറലോകമറിഞ്ഞതും അധികൃതരുടെ ശ്രദ്ധയിൽപെട്ടതും.
ജിഡിആർഎഫ്എ ദുബായിക്ക് കീഴിലുള്ള പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് പ്രതിനിധി അബ്ദുല്ല ലഷ്കരി പർവേസിനെ അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റും സമ്മാനങ്ങളും കൈമാറുകയും ചെയ്തു. ഓർഡർ എത്തിക്കാൻ പോകുന്നതിനിടെ റോഡിൽ തടസ്സമുണ്ടാക്കിയ വെള്ളക്കെട്ട് കണ്ട് സ്വന്തം ജോലി വൈകുമെന്നത് പോലും നോക്കാതെയാണ് പർവേസ് പൈപ്പ് ശരിയാക്കി ഒഴുക്ക് നിയന്ത്രിച്ചത്. അപ്രതീക്ഷിതമായി ലഭിച്ച ആദരവിൽ സന്തോഷം പ്രകടിപ്പിച്ച പർവേസ് ദുബായ് സർക്കാരിന് നന്ദി അറിയിച്ചു.