സൗദിയിൽ ഇ-ബില്ലിങ് നിബന്ധനകൾ കർശനമാകുന്നു; ജനുവരി മുതൽ സകാത്ത് ആന്റ് ടാക്‌സ് അതോറ്റിയിലേക്ക് ബന്ധിപ്പിക്കണം
സൗദി അറേബ്യയിൽ പ്രതിദിനം രണ്ടായിരം റിയാലിലധികം വരുമാനമുള്ള മുഴുവൻ ബിസിനസ് സ്ഥാപനങ്ങളും ഗ്രൂപ്പുകളും 2026 ജനുവരി മുതൽ തങ്ങളുടെ ബില്ലിങ് സിസ്റ്റം സകാത്ത് ആൻഡ് ടാക്‌സ് അതോറിറ്റിയുമായി (ZATCA) നിർബന്ധമായും ബന്ധിപ്പിക്കണം. നിലവിൽ ഒരു മില്യൺ റിയാൽ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾ ഈ സംവിധാനം നടപ്പിലാക്കേണ്ട കാലാവധി ഈ മാസം 31-ന് അവസാനിക്കും. അതായത്, പ്രതിദിനം ശരാശരി 2700 റിയാൽ വരുമാനമുള്ള എല്ലാ സ്ഥാപനങ്ങളും ഡിസംബർ 31-നകം സകാത്ത് ടാക്‌സ് അതോറിറ്റിയുടെ 'ഫതൂറ' പ്ലാറ്റ്‌ഫോമിലേക്ക് ബില്ലിങ് സിസ്റ്റം മാറ്റേണ്ടതുണ്ട്.
ഏഴര ലക്ഷം റിയാൽ വാർഷിക വരുമാനമുള്ള, അഥവാ പ്രതിദിനം രണ്ടായിരം റിയാലിലേറെ ബില്ലിങ് വരുന്ന കമ്പനികൾക്കും എസ്റ്റാബ്ലിഷ്‌മെന്റുകൾക്കും 2026 ജനുവരി മുതൽ ഈ ഇന്റഗ്രേഷൻ നിർബന്ധമാകും. അവസാന നിമിഷം ഇത്തരം നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നത് പലപ്പോഴും പിഴ ലഭിക്കാൻ കാരണമാകുന്നുണ്ട്. ഇത് സംബന്ധിച്ച് ഐടി സോഫ്റ്റ്‌വെയർ മേഖലയിലുള്ളവർക്കായി ജിദ്ദയിലെ ഒബ്ഹൂർ ഹൗദ ഹോട്ടലിൽ നൊമിസോ ടെക്‌നോളജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബിസിനസ് മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എങ്ങനെ പ്രയോജനപ്പെടുത്താം എന്നതും ചടങ്ങിൽ ചർച്ചയായി.
ബില്ലിങ് സിസ്റ്റം അതോറിറ്റിയുമായി ബന്ധിപ്പിച്ചാൽ മാത്രം പോരാ, അയക്കുന്ന ബില്ലുകൾ സതക നിരസിക്കുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കുകയും വേണം. ഇതിൽ വീഴ്ച വരുത്തുന്നവർക്കാണ് വലിയ തുക പിഴയായി ലഭിക്കുന്നത്. ഇത്തരം സാങ്കേതിക പിഴവുകൾ ഒഴിവാക്കാൻ എ.ഐ പിന്തുണയുള്ള ഡാഷ് ബോർഡുകൾ ഉപയോഗിക്കാമെന്ന് നൊമിസോ ടെക്‌നോളജി അധികൃതർ വ്യക്തമാക്കി. സിസ്റ്റത്തിലെ പുതിയ അപ്‌ഡേറ്റുകളും മുന്നറിയിപ്പുകളും എളുപ്പത്തിൽ തിരിച്ചറിയാൻ എ.ഐ സാങ്കേതികവിദ്യ സഹായിക്കും. പുതിയ ഘട്ടം ഫതൂറ ഇന്റഗ്രേഷനെക്കുറിച്ചും ഡാഷ് ബോർഡ് സംവിധാനങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്കായി 0546600887 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.