കെനിയയിൽ ആശങ്കയുയർത്തി വീണ്ടും എബോള; എട്ടാമത്തെ കേസും സ്ഥിരീകരിച്ചു
കെനിയയിൽ എബോള വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ചു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന എട്ടാമത്തെ കേസാണിത്. കഴിഞ്ഞ ദിവസം നടത്തിയ 38 സാമ്പിൾ പരിശോധനകളിൽ ഒരെണ്ണത്തിൽ കൂടി രോഗബാധ സ്ഥിരീകരിച്ചതായി ഹെൽത്ത് ഡയറക്ടർ ജനറൽ പാട്രിക് അമോത്ത് അറിയിച്ചു.
ആശുപത്രിയിൽ രോഗികളുടെ പാത്രങ്ങളും വസ്ത്രങ്ങളും വൃത്തിയാക്കുന്ന ജോലി ചെയ്യുന്ന 49-കാരനാണ് പുതുതായി രോഗം ബാധിച്ചത്. ഒക്ടോബർ മാസമാദ്യം കെനിയയിൽ റിപ്പോർട്ട് ചെയ്ത ആദ്യ രോഗിയിൽ നിന്നാകാം ഇയാൾക്കും വൈറസ് പടർന്നതെന്നാണ് കരുതുന്നത്. ശനിയാഴ്ച പനിയും തലവേദനയും പ്രകടമായതിനെ തുടർന്ന് ഇയാളെ ക്വാറന്റീനിലേക്ക് മാറ്റി സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗവ്യാപനം തടയാൻ ആരോഗ്യ മന്ത്രാലയം പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
നിലവിൽ പടർന്നുപിടിക്കുന്ന ബുണ്ടിബുഗ്യോ (Bundibugyo) ഇനത്തിൽപ്പെട്ട എബോള വൈറസിനെതിരെ നിർദ്ദിഷ്ട വാക്സിനുകളോ പ്രത്യേക ചികിത്സയോ ഇതുവരെ ലഭ്യമായിട്ടില്ലെന്നത് വലിയ വെല്ലുവിളിയാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡി.ആർ.സി.) മാസങ്ങളായി തുടരുന്ന എബോള വ്യാപനമാണ് അയൽരാജ്യമായ കെനിയയിലേക്കും പടർന്നത്. രോഗവ്യാപനം തടയാൻ അതിർത്തികളിൽ കർശന പരിശോധനയും മുൻകരുതലുകളും അധികൃതർ സ്വീകരിച്ചുവരുന്നു.