എബോള; പുതിയ വകഭേദത്തിനെതിരെ വാക്സിൻ കണ്ടെത്താൻ 9 മാസമെടുക്കുമെന്ന് ലോകാരോഗ്യ സംഘടന
ഡി.ആർ.കോംഗോയിലെ എബോള വൈറസിന്റെ പുതിയ വകഭേദം ദ്രുതഗതിയിൽ വ്യാപിക്കുന്നതിൽ ലോകാരാഗ്യസംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. എബോളയുടെ അത്യപൂർവ വകഭേദമായ ബൂൻഡിബുഗോ ആണ് കോംഗോയിൽ പടരുന്നത്. വാക്സിൻ ഇല്ലാത്തതും പ്രത്യേക ചികിത്സയുടെ അഭാവവുമാണ് ഈ വകഭേദത്തെ കൂടുതൽ അപകടകാരിയാക്കുന്നത്. ഇപ്പോഴിതാ ബൂൻഡിബുഗോ വകഭേദത്തിനെതിരെ വാക്സിൻ തയ്യാറാക്കാൻ ഒമ്പത് മാസമെങ്കിലും എടുത്തേക്കുമെന്ന് വ്യക്തമാക്കുകയാണ് ലോകാരോഗ്യസംഘടന.
നിലവിൽ രണ്ട് വാക്സിനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ, ഇതുവരെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിട്ടില്ലെന്നും ലോകാരോഗ്യസംഘടനയുടെ ഉപദേഷ്ടാവ് ഡോ. വാസി മൂർത്തി ബുധനാഴ്ച പറഞ്ഞു.
ഇതിനകം എബോളയുടെ പുതിയ വ്യാപനം മൂലം 139 മരണങ്ങൾ സ്ഥിരീകരിച്ചുവെന്നും സംശയിക്കപ്പെടുന്ന രോഗികളുടെ നിരക്ക് 600 കടന്നുവെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു. വൈറസ് കണ്ടെത്താൻ വൈകിയതിനാൽ രോഗികളുടെ എണ്ണം ഇനിയും കൂടാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരത്തേ ലോകാരോഗ്യസംഘടന അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഏപ്രിൽ 24ന് ഇറ്റൂരിയുടെ തലസ്ഥാനമായ ബുനിയയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് മരിച്ച ഒരു നഴ്സായിരുന്നു ആദ്യത്തെ കേസ്. ആരോഗ്യപ്രവർത്തകർക്കിടയിലെ രോഗവ്യാപനം ആശങ്കയുളവാക്കുന്നതാണെന്ന് ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് രോഗം പടരുന്നത് അണുബാധാ പ്രതിരോധം മെച്ചപ്പെടുത്താനുണ്ടെന്ന സൂചനയാണ് നൽകുന്നത്. പകർച്ചവ്യാധി നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്താനായി ലോകാരോഗ്യ സംഘടന ഇതിനകം മുപ്പത്തിയേഴുകോടിയുടെ സാമ്പത്തികസഹായത്തിന് അനുമതി അംഗീകാരം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
അതിനിടെ രോഗവ്യാപനമുള്ള കോംഗോ, യുഗാണ്ട തുടങ്ങിയ രാജ്യങ്ങളോട് സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നത് ശക്തിപ്പെടുത്താനും, ലാബ് പരിശോധനകൾ വർധിപ്പിക്കാനും ആശുപത്രികളിലെ രോഗവ്യാപനം പ്രതിരോധിക്കാനും ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകാനും രോഗവ്യാപനം സംബന്ധിച്ച അവബോധം നൽകാനും ലോകാരോഗ്യസംഘടന നിർദേശിച്ചിട്ടുണ്ട്. രോഗബാധിതരുടെ ശവസംസ്കാര ചടങ്ങുകൾ സുരക്ഷാമാനദണ്ഡങ്ങൾ മുൻനിർത്തിയല്ലെങ്കിൽ അതും രോഗവ്യാപനത്തിന്റെ വ്യാപ്തി കൂട്ടുമെന്ന് മുന്നറിയിപ്പുണ്ട്.