കോംഗോയിൽ വീണ്ടും എബോള വ്യാപനം; 65 മരണം, പുതിയ വകഭേദമെന്ന് ആശങ്ക

 

ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് ബാധ വീണ്ടും പടരുന്നു. വൈറസ് ബാധയെത്തുടർന്ന് ഇതുവരെ 65 മരണങ്ങൾ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇറ്റൂരി പ്രവിശ്യയിൽ 246 പേർക്ക് രോഗബാധ സംശയിക്കുന്നതായും ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (Africa CDC) വ്യക്തമാക്കി.

മൊംഗ്‌വാലു, റുവാംപറ മേഖലകളിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. പ്രവിശ്യാ തലസ്ഥാനമായ ബുനിയയിലും രോഗലക്ഷണങ്ങളോടെ നിരവധി പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായ പുതിയൊരു വകഭേദമാണോ പടരുന്നത് എന്ന കാര്യത്തിൽ ആരോഗ്യവിദഗ്ധർക്കിടയിൽ ആശങ്കയുണ്ട്. 1976-ൽ ആദ്യമായി വൈറസ് കണ്ടെത്തിയത് മുതൽ കോംഗോയിൽ പലതവണ എബോള പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

എന്താണ് എബോള?

രോഗബാധിതരുടെയോ മരിച്ചവരുടെയോ രക്തം, വിസർജ്യം, മറ്റ് ശരീര സ്രവങ്ങൾ എന്നിവയിലൂടെയാണ് എബോള പകരുന്നത്. കുരങ്ങ്, മാൻ, മുള്ളൻപന്നി തുടങ്ങിയ മൃഗങ്ങളിൽ നിന്നും രോഗം മനുഷ്യരിലേക്ക് പടരാം. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ചിലരിൽ കടുത്ത രക്തസ്രാവമുണ്ടാകുകയും അത് കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ച് മരണത്തിന് കാരണമാവുകയും ചെയ്യുന്നു.

പ്രതിരോധ മാർഗങ്ങൾ

ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുക എന്നതാണ് രോഗസാധ്യത കുറയ്ക്കാനുള്ള പ്രധാന വഴി. രോഗബാധിതരുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കുകയും ഐസലേഷൻ ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. വായുവിലൂടെയോ വെള്ളത്തിലൂടെയോ ഈ രോഗം പകരില്ലെന്നത് ആശ്വാസകരമാണ്. രോഗം കണ്ടെത്തിയാൽ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.