എബോള പ്രതിരോധം: മൂന്ന് ആഫ്രിക്കൻ രാജ്യങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി അറേബ്യ

 

ആഫ്രിക്കയിൽ എബോള വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ കടുത്ത സുരക്ഷാ മുൻകരുതലുകളുമായി സൗദി അറേബ്യ. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്തി. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ രാജ്യങ്ങളിൽ നിന്നുള്ള എല്ലാത്തരം വിസകളും സൗദി അറേബ്യ താൽക്കാലികമായി നിർത്തിവെച്ചു. നേരിട്ടല്ലാതെ മറ്റ് രാജ്യങ്ങൾ വഴി വരുന്നവരാണെങ്കിലും, യാത്ര പുറപ്പെടുന്നതിന് മുൻപുള്ള 21 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും വിലക്ക് ബാധകമായിരിക്കും. സൗദി പൗരന്മാർക്ക് ഇവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്.

റുവാണ്ട, ബുറുണ്ടി, ടാൻസാനിയ, കോംഗോ (ബ്രാസാവില്ലെ) എന്നീ അയൽരാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കായി അതിർത്തികളിൽ കർശനമായ ആരോഗ്യ പരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ സൗദിയിൽ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിമാനത്താവളങ്ങളിലും അതിർത്തികളിലും നിരീക്ഷണം 24 മണിക്കൂറും ശക്തമാക്കിയിട്ടുണ്ടെന്നും പൊതുജനാരോഗ്യ അതോറിറ്റിയായ ‘വിഖായ’ വ്യക്തമാക്കി.