എബോള ഭീതി: മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് അടിയന്തര യാത്രകൾ ഒഴിവാക്കാൻ യു.എ.ഇ നിർദ്ദേശം
Jun 1, 2026, 11:38 IST
എബോള വൈറസ് രോഗവ്യാപനത്തെ തുടർന്നുള്ള പൊതുജനാരോഗ്യ സാഹചര്യം കണക്കിലെടുത്ത് മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് സ്വദേശികൾക്കും താമസക്കാർക്കും യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. റിപ്പബ്ലിക് ഓഫ് ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ യാത്ര ചെയ്യരുതെന്നാണ് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
നിലവിൽ ഈ രാജ്യങ്ങളിൽ തുടരുന്ന യു.എ.ഇ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടങ്ങൾ പുറപ്പെടുവിക്കുന്ന ആരോഗ്യ-സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. ആരോഗ്യപരമായ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മുൻകരുതൽ എന്ന നിലയിൽ ഈ യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.