എബോള വൈറസ് വ്യാപനം; ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നു

 

എബോള വൈറസ് ബാധയെ തുടർന്ന് ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 139 പേർ മരിക്കുകയും ഏകദേശം 600 കേസുകൾ സ്ഥിരീകരിക്കുകയും ചെയ്തതായി വിവരം.ഏപ്രിൽ 24-നാണ് ഡിആർ കോംഗോയിൽ ആദ്യ മരണം സ്ഥിരീകരിച്ചത്.

മധ്യ, കിഴക്കൻ ആഫ്രിക്കയിലെ വ്യാപനത്തിന് പിന്നിൽ എബോളയുടെ അപൂർവ വകഭേദമായ 'ബൂൻഡിബുഗോ' ആണെന്നാണ് റിപ്പോർട്ടുകൾ. എബോളയ്ക്ക് മൊത്തത്തിൽ ആറ് വകഭേദങ്ങളുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.രോഗബാധിതരുടെ ശവസംസ്‌കാര ചടങ്ങുകൾ സുരക്ഷാമാനദണ്ഡങ്ങൾ മുൻനിർത്തിയല്ലെങ്കിൽ അതും രോഗവ്യാപനത്തിന്റെ വ്യാപ്തി കൂട്ടുമെന്ന് മുന്നറിയിപ്പുണ്ട്.

മനുഷ്യരിലേക്ക് രോഗം പ്രധാനമായും വന്യജീവികളിൽ നിന്നാണ് പകരുന്നതെന്നും, വവ്വാൽ, കുരങ്ങ് തുടങ്ങിയവ പ്രധാന വഹകങ്ങളാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.പനി, തലവേദന, പേശിവേദന, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ആരംഭത്തിൽ കാണപ്പെടുകയും പിന്നീട് കരളും വൃക്കയും തകരാറിലാകുകയും ചെയ്യാം. മരണനിരക്ക് 25% മുതൽ 90% വരെ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.