ബഹ്‌റൈനിൽ മെയ് 27 രാവിലെ 5:05ന് ബലിപെരുന്നാൾ നമസ്‌കാരം; ഒരുക്കങ്ങൾ പൂർത്തിയായി
ബഹ്‌റൈനിൽ ഈ വർഷത്തെ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) നമസ്‌കാരത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ ചെയർമാൻ ശൈഖ് ഡോ. റാശിദ് ബിൻ മുഹമ്മദ് ബിൻ ഫുതൈസ് അൽ ഹാജിരി അറിയിച്ചു. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി പ്രത്യേകം തയാറാക്കിയ ഈദ് ഗാഹുകളിലും പ്രധാന ജുമുഅ മസ്ജിദുകളിലുമായി മേയ് 27 ബുധനാഴ്ച രാവിലെ 5:05 നാണ് പെരുന്നാൾ നമസ്‌കാരം നടക്കുക.
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി കമ്മ്യൂണിറ്റികൾക്കായി രാജ്യത്തെ വിവിധ സ്കൂൾ മൈതാനങ്ങളിൽ പ്രത്യേക നമസ്‌കാര സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈദ് ഗാഹുകൾ പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും കൃത്യമായ സൗകര്യം ഉറപ്പാക്കുന്നതിനുമായി ചില സമീപ പ്രദേശങ്ങളിലെ ചെറിയ പള്ളികൾ നമസ്‌കാര സമയത്ത് അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. വിശ്വാസികൾക്ക് സുഗമമായി പ്രാർത്ഥന നിർവഹിക്കുന്നതിനായി ആവശ്യമായ കാർപെറ്റുകൾ, സൗണ്ട് സിസ്റ്റങ്ങൾ, ലൈറ്റിംഗ്-ഇലക്ട്രിക്കൽ സംവിധാനങ്ങൾ, കുടിവെള്ളം എന്നിവയെല്ലാം സുന്നി എൻഡോവ്‌മെന്റിന്റെ പ്രത്യേക വിങ് നേരിട്ടെത്തി പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്.
പെരുന്നാൾ ഒരുക്കങ്ങൾ അതീവ സുഗമമാക്കാൻ സഹായിച്ച ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി-കൃഷി മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വൈദ്യുതി-ജല അതോറിറ്റി, ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് തുടങ്ങി വിവിധ സർക്കാർ മന്ത്രാലയങ്ങൾക്കും സാമൂഹിക സംഘടനകൾക്കും വിദേശി കമ്മ്യൂണിറ്റി സെന്ററുകൾക്കും ശൈഖ് ഡോ. അൽ ഹാജിരി പ്രത്യേക നന്ദി രേഖപ്പെടുത്തി. പെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ ഈദ് ഗാഹുകളിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് പോലീസിന്റെ പ്രത്യേക സന്നാഹവും രംഗത്തുണ്ടാകും.