ബലിപെരുന്നാൾ: ഓൾഡ് ദോഹ പോർട്ടിൽ നാളെ മുതൽ നാല് ദിവസത്തെ 'കടൽ ആഘോഷങ്ങൾ'

 

ഖത്തറിലെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ ഓൾഡ് ദോഹ പോർട്ടിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ വിപുലമായ ആഘോഷ പരിപാടികൾ ഒരുങ്ങുന്നു. ബുധനാഴ്ച തുടങ്ങി മേയ് 30 വരെ സമുദ്ര വിനോദ പരിപാടികൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പ്രത്യേക കാർണിവലാണ് ഇവിടെ നടക്കുക.

ദിവസവും വൈകുന്നേരം 5.20-ന് തുടങ്ങി രാത്രി 10 മണി വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരേപോലെ ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഓൾഡ് ദോഹ പോർട്ട് അധികൃതർ അറിയിച്ചു.

പരമ്പരാഗത കടൽത്തീര ബാൻഡ് സംഘം നയിക്കുന്ന മ്യൂസിക്കൽ ഷോകൾ, ഖത്തറിന്റെ സമുദ്ര പൈതൃക കഥകൾ പരിചയപ്പെടുത്തുന്ന പ്രകടനങ്ങൾ തുടങ്ങിയവ കാർണിവലിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. അവധി ദിനങ്ങൾ ആനന്ദകരമാക്കാൻ സ്വദേശികളും വിദേശികളുമടക്കം നിരവധി സന്ദർശകർ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.