റാസൽഖൈമയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു; ആദ്യ ഒരു മാസം യാത്ര സൗജന്യം

 

റാസൽഖൈമയിൽ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സൗഹൃദ യാത്രാ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇലക്ട്രിക് ബസ് സർവീസുകൾക്ക് തുടക്കമായി. എമിറേറ്റിലെ പ്രധാന ബസ് റൂട്ടായ 'പർപ്പിൾ റൂട്ട്' നവീകരിച്ചതിന് പിന്നാലെയാണ് ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കിയത്. നഖീൽ ബസ് സ്റ്റേഷൻ മുതൽ മനാർ മാൾ വരെയുള്ള 14 കിലോമീറ്റർ ദൂരമാണ് പർപ്പിൾ റൂട്ട്. ആദ്യത്തെ ഒരു മാസം പരീക്ഷണാടിസ്ഥാനത്തിൽ ഈ റൂട്ടിൽ ഇലക്ട്രിക് ബസ് സർവീസ് പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഗതാഗത മേഖലയെ കാർബൺ വിമുക്തമാക്കുന്നതിനും പൊതുജനങ്ങളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കുന്നതിനുമാണ് ഈ സൗജന്യ സർവീസ്.

നഖീലിൽ നിന്ന് ആരംഭിച്ച് ജനവാസ മേഖലകൾ, ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന ഒൻപത് പ്രധാന സ്റ്റേഷനുകളാണ് പർപ്പിൾ റൂട്ടിലുള്ളത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി (ICP), ഉബൈദുള്ള ഹോസ്പിറ്റൽ, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് റാസൽഖൈമ, റാസൽഖൈമ ഹോസ്പിറ്റൽ, മനാർ മാൾ എന്നിവയുൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ ബസിന് സ്റ്റോപ്പുകളുണ്ടാകും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രതിദിനം 12 ട്രിപ്പുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

എമിറേറ്റിലെ അഞ്ച് പ്രധാന ബസ് റൂട്ടുകളിൽ ഒന്നാണ് പർപ്പിൾ റൂട്ട്. റെഡ്, ഗ്രീൻ, ബ്ലൂ, ഓറഞ്ച് എന്നിവയാണ് മറ്റ് റൂട്ടുകൾ. പർപ്പിൾ റൂട്ട് നവീകരിച്ചതോടെ എമിറേറ്റിലെ ആകെ പൊതുഗതാഗത റൂട്ടുകളുടെ ദൈർഘ്യം 215 കിലോമീറ്ററായി ഉയർന്നു. 2026 അവസാനത്തോടെ ഇത് ഇനിയും വർദ്ധിപ്പിക്കാനാണ് അതോറിറ്റിയുടെ ലക്ഷ്യം. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റേയും പരിസ്ഥിതി സൗഹൃദ ഗതാഗത ശൃംഖല കെട്ടിപ്പടുക്കുന്നതിന്റേയും ഭാഗമായാണ് ഈ നീക്കമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ ഇസ്മായിൽ ഹസ്സൻ അൽ ബലൂഷി വ്യക്തമാക്കി. യാത്രകൾ എളുപ്പമാക്കാൻ അതോറിറ്റിയുടെ 'സായർ' (Sayer) സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു.