യാസ് ഐലൻഡിലെ സീ വേൾഡിൽ 'ഇലക്ട്രിക് ഓഷ്യൻ ഫെസ്റ്റിവലിന്' തുടക്കമായി; ഓഗസ്റ്റ് 30 വരെ നീളും
അബുദാബി യാസ് ഐലൻഡിലെ സീ വേൾഡിൽ പ്രശസ്തമായ 'ഇലക്ട്രിക് ഓഷ്യൻ ഫെസ്റ്റിവലിന്റെ' മൂന്നാം പതിപ്പ് ആരംഭിച്ചു. സമുദ്ര ലോകത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള ലൈവ് വിനോദ പരിപാടികളും കുടുംബങ്ങൾക്കായുള്ള വിപുലമായ സമ്മർ പ്രോഗ്രാമുകളുമാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 30 വരെ നീണ്ടുനിൽക്കുന്ന മേള പ്രമാണിച്ച് പാർക്കിന്റെ പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 8 മണി വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്.
നിയോൺ വെളിച്ചത്തിൽ മുങ്ങിയ പ്രത്യേക പ്രകടനങ്ങൾ, നർത്തകരുടെയും ജഗ്ലർമാരുടെയും തത്സമയ ഷോകൾ, കുട്ടികൾക്കായുള്ള വിനോദങ്ങൾ, പ്രശസ്ത കഥാപാത്രങ്ങളുടെ സാന്നിധ്യം എന്നിവയാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം. 'പവർ സർജ്' എന്ന ഇന്ററാക്ടീവ് ഡിജെ പരിപാടിയിൽ സന്ദർശകർക്കും പങ്കുചേരാം.
സമുദ്ര സംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവൽക്കരണം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. പാർക്കിന്റെ പ്രത്യേക സംരംഭത്തിന്റെ ഭാഗമായി, ഇവിടെയെത്തുന്ന ഓരോ സന്ദർശകന്റെയും ടിക്കറ്റ് തുകയുടെ ഒരു വിഹിതം യാസ് സീ വേൾഡ് റിസർച്ച് ആൻഡ് റെസ്ക്യൂ സെന്ററിന്റെ സമുദ്ര ജീവി സംരക്ഷണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.