കമ്പനിയുടെ ഓഹരികൾ മക്കൾക്ക് ചുമ്മാ നൽകില്ല; ഇലോൺ മസ്‌ക് 

 

അർഹരല്ലെങ്കിൽ സമ്പാദ്യം മക്കൾക്ക് കൈമാറുന്നതിനെ താൻ അംഗീകരിക്കുന്നില്ലെന്ന് ശതകോടീശ്വര വ്യവസായിയും ഒമ്പത് മക്കളുടെ പിതാവുമായ ഇലോൺ മസ്‌ക്. കമ്പനികൾ കൈകാര്യം ചെയ്യുന്നതിന് മക്കൾക്ക് താൽപര്യം ഇല്ലെങ്കിൽ തങ്ങളുടെ സമ്പാദ്യത്തിന്റെ പങ്ക് മക്കൾക്ക് നൽകരുത് എന്നും അത് തെറ്റാണെന്നും ഇലോൺ മസ്‌ക് തന്റെ ഉദ്യോഗസ്ഥരോട് പറഞ്ഞു.

പകരം, കമ്പനിക്കുള്ളിൽ തന്നെ യോഗ്യരായ വ്യക്തികൾക്ക് കമ്പനിയിലെ ചുമതലകൾ കൈമാറുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നും മസ്‌ക് പറഞ്ഞു. കമ്പനികൾ കൈകാര്യം ചെയ്യാൻ തനിക്ക് സാധിക്കാതെ വന്നാൽ കമ്പനികളുടെ ചുമതല കൈമാറേണ്ടത് ആർക്കെല്ലാം ആണെന്ന് ഇതിനകം താൻ കണ്ടുവെച്ചിട്ടുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേണലിന്റെ സിഇഒ കൗൺസിലിൽ അടുത്തിടെ നടന്ന അഭിമുഖത്തിൽ മസ്‌ക് പറഞ്ഞിരുന്നു.

വിവിധ പങ്കാളികളിലായി മസ്‌കിന് ഒമ്പത് മക്കളാണുള്ളത്. ഇതിൽ മൂത്തയാൾക്ക് 19 വയസുണ്ട്. തന്റെ മൂന്ന് വയസുള്ള മകനായ X AE A-XII യെ അദ്ദേഹം ഇടക്കിടെ ചില പരിപാടികളിൽ കൊണ്ടുവരാറുണ്ട്. അടുത്തിടെ ഈ മകന് മസ്‌ക് തന്റെ പ്രത്യേക ട്വിറ്റർ ബാഡ്ജ് നൽകുകയും ചെയ്തു.

അതേസമയം എല്ലാ മക്കളുമായും മസ്‌കിന് ഒരുപോലെ അടുപ്പമില്ല. അടുത്തിടെ മസ്‌കിന്റെ മൂത്ത മകൾ തന്റെ പേരിൽ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കുന്നതിന് വേണ്ടി അപേക്ഷിച്ചിരുന്നു. അച്ഛനുമായി യാതൊരു വിധ ബന്ധവും വേണ്ടെന്ന നിലപാടിലാണിവർ.