എക്‌സിന് ബ്രസീലിൽ നിരോധനം; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; ഉത്തരവുകളൊന്നും പാലിക്കില്ലെന്ന് മസ്‌ക്

 

എക്സിന് (മുമ്പ് ട്വിറ്റർ) ബ്രസീലിൽ നിരോധനം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്ക് എതിരെ നടപടി എടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതും രാജ്യത്ത് പുതിയ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീംകോടതി നിർദേശം അനുസരിക്കാതിരുന്നതുമാണ് നടപടിയിലേക്ക് നയിച്ചത്. ജഡ്ജ് അലക്സാന്ദ്രേ ഡി മൊറേസാണ് നിരോധനം പ്രഖ്യാപിച്ചത്. കോടതി ഉത്തരവുകൾ പാലിക്കുകയും നിലവിലുള്ള പിഴത്തുകയെല്ലാം അടയ്ക്കുന്നതുവരെയാണ് വിലക്ക്.

ഏപ്രിലിൽ വ്യാജ വാർത്ത പരത്തുന്ന എക്സ് അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് കോടതിയും എക്സും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

ഉത്തരവ് എക്സ് പാലിച്ചില്ലെന്ന് മാത്രമല്ല. 'അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും ബ്രസീലിലെ തിരഞ്ഞെടുക്കപ്പെടാത്ത ഒരു കപട ജഡ്ജി രാഷ്ട്രീയ ആവശ്യങ്ങൾക്കായി അതിനെ നശിപ്പിക്കുകയാണെന്ന്' എക്സ് മേധാവി ഇലോൺ മസ്‌ക് എക്സിൽ പോസ്റ്റിടുകയും ചെയ്തു.

ബ്രസീലിലെ ടെലികമ്മ്യൂണിക്കേഷൻ ഏജൻസി മേധാവിയ്ക്കാണ് എക്സ് നിരോധിക്കുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്. എക്സ് ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യാൻ ആപ്പിൾ, ഗൂഗിൾ പോലുള്ള കമ്പനികൾക്ക് അഞ്ച് ദിവസം സമയം നൽകിയിട്ടുണ്ട്. വിപിഎൻ ഉപയോഗിച്ച് എക്സ് ഉപയോഗിക്കാൻ ശ്രമിച്ചാൽ 50000 ബ്രസീൽ റിയൽ (7.47 ലക്ഷം രൂപ) പിഴ നൽകേണ്ടി വരുമെന്നും സുപ്രീംകോടതി ജഡ്ജി മുന്നറിയിപ്പ് നൽകി.

അതേസമയം ബ്രസീലിന്റെ ഉത്തരവുകൾ പാലിക്കില്ലെന്ന നിലപാടിലാണ് എക്സ് എന്നാണ് വിവരം. അനക്സാന്ദ്രേ ഡി മൊറേസിന്റെ ഉത്തരവുകൾ നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ എതിരാളികളെ സെൻസർ ചെയ്യുന്നതിനും വേണ്ടിയുള്ളതാണെന്നാണ് കമ്പനി ആരോപിക്കുന്നത്.

കോടതി സസ്പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ട അക്കൗണ്ടുകളിൽ ഭൂരിഭാഗവും ബ്രസീലിലെ വലതുപക്ഷ നേതാവും മുൻ പ്രസിഡന്റുമായ ജെയർ ബോൾസൊനാരോയെ പിന്തുണയ്ക്കുന്നവരുടേതാണ്.

അതിനിടെ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സ്ഥാപനമായ സ്റ്റാർലിങ്കിന്റെ ബാങ്ക് അക്കൗണ്ടുകൾ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ബ്രസീൽ മരവിപ്പിച്ചു. എക്സും സ്പേസ് എക്സും രണ്ട് വ്യത്യസ്ത കമ്പനികളാണെന്നും എക്സിനെതിരെ ചുമത്തിയ ഭരണഘടനാവിരുദ്ധമായ പിഴശിക്ഷകൾക്ക് സ്റ്റാർലിങ്ക് ഉത്തരവാദിയാവില്ലെന്നും സ്റ്റാർലിങ്ക് പ്രതികരിച്ചു.