തൊഴിൽ കരാറുകൾ രേഖാമൂലവും അറബിയിലും ആയിരിക്കണം; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി ഒമാൻ
ഒമാനിൽ പുതിയ തൊഴിൽ നിയമപ്രകാരം തൊഴിൽ കരാറുകൾ നിർബന്ധമായും രേഖാമൂലവും അറബി ഭാഷയിലുള്ളതുമായിരിക്കണമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. നിയമത്തിലെ ആർട്ടിക്കിൾ 33 മുൻനിർത്തിയാണ് തൊഴിലുടമകൾക്കും തൊഴിലാളികൾക്കുമായി മന്ത്രാലയം ഈ കർശന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ഇരുവിഭാഗവും ഒപ്പുവെച്ച തൊഴിൽ കരാറിന്റെ രണ്ട് പകർപ്പുകൾ തയ്യാറാക്കേണ്ടതുണ്ട്. ഇതിൽ ഒരു പകർപ്പ് തൊഴിലുടമയും ഒരെണ്ണം തൊഴിലാളിയും സൂക്ഷിക്കണം. അറബിക്ക് പുറമെ തൊഴിലാളിക്ക് മനസ്സിലാകുന്ന മറ്റ് ഭാഷകളിലും കരാറുകൾ തയ്യാറാക്കാൻ അനുമതിയുണ്ട്. എന്നാൽ, ഇതിനൊപ്പം മന്ത്രാലയം അംഗീകരിച്ച അറബിപ്പതിപ്പ് കൂടി നിർബന്ധമായും ഉണ്ടായിരിക്കണം. നിയമപരമായി രണ്ട് പതിപ്പുകൾക്കും തുല്യ സാധുതയായിരിക്കും ഉണ്ടായിരിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
തൊഴിലുടമയുമായി രേഖാമൂലമുള്ള കരാർ നിലവിലില്ലാത്ത സാഹചര്യമുണ്ടായാൽ പോലും, തൊഴിലാളികൾക്ക് തങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ള മറ്റ് തെളിവുകൾ വഴി തെളിയിക്കാൻ അവകാശമുണ്ടായിരിക്കും. സുൽത്താനേറ്റിലെ നിയമപരമായ തൊഴിൽ നടപടിക്രമങ്ങളുടെ ഭാഗമായി എല്ലാ തൊഴിൽ കരാറുകളും ബന്ധപ്പെട്ട യോഗ്യതയുള്ള അധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണമെന്നും ഒമാൻ തൊഴിൽ മന്ത്രാലയം കൂട്ടിച്ചേർത്തു.