ഹജ്ജിന് വിരാമം; ജിദ്ദ വിമാനത്താവളം വഴി വിദേശ തീർത്ഥാടകരുടെ ആദ്യ സംഘം ജന്മനാടുകളിലേക്ക് പുറപ്പെട്ടു
ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ പ്രാർത്ഥനാ നിർഭരമായി പൂർത്തിയാക്കിയ വിദേശ തീർത്ഥാടകരുടെ ആദ്യ സംഘം ജന്മനാടുകളിലേക്ക് മടങ്ങിത്തുടങ്ങി. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ആദ്യ സംഘം പുറപ്പെട്ടത്. ഹാജിമാരുടെ ഇമിഗ്രേഷൻ ഉൾപ്പെടെയുള്ള യാത്രാ നടപടികൾ സൗദി പാസ്‌പോർട്ട് വിഭാഗം (ജവാസാത്ത്) വിജയകരമായി പൂർത്തിയാക്കി.
വിശുദ്ധ കർമ്മങ്ങൾക്ക് ശേഷം തീർത്ഥാടകർ സുരക്ഷിതമായി മടങ്ങുന്നുവെന്ന് ഉറപ്പാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രാജ്യത്തെ മുഴുവൻ വ്യോമ, കര, കടൽ അതിർത്തികൾ വഴിയുമുള്ള തീർത്ഥാടകരുടെ മടക്കയാത്രാ നടപടികൾ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കാൻ തങ്ങൾ പൂർണ്ണ സജ്ജരാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കി. ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം അനുവദിച്ചിട്ടുള്ള നിശ്ചിത സമയത്തിനുള്ളിൽ തന്നെ ജന്മനാടുകളിലേക്ക് മടങ്ങാൻ തീർത്ഥാടകർ തങ്ങളുടെ കൃത്യമായ യാത്രാ ഷെഡ്യൂളുകൾ പാലിക്കണമെന്നും ജവാസാത്ത് പ്രത്യേകം ഓർമ്മിപ്പിച്ചു. വരും ദിവസങ്ങളിൽ ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി കൂടുതൽ തീർത്ഥാടകർ സ്വന്തം രാജ്യങ്ങളിലേക്ക് തിരിക്കും.