സസ്പെൻസിന് വിരാമം; ബ്രിക്സ് ഉച്ചകോടിക്കായി ഷി ജിൻപിങ് ഇന്ത്യയിലെത്തും

 

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് 48 മണിക്കൂറിൽ താഴെ മാത്രം ശേഷിക്കെ സസ്പെൻസിന് വിരാമമിട്ട് ചൈന. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ ഷി ജിൻപിങ് പങ്കെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത്.

ഷി ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. 2020ലെ ഗാൽവാൻ സംഘർഷത്തിന് പിന്നാലെ വഷളായ ഇന്ത്യ–ചൈന ബന്ധം മെച്ചപ്പെടുത്താനുള്ള നയതന്ത്ര നീക്കങ്ങൾക്കിടെയാണ് കൂടിക്കാഴ്ചയ്ക്ക് സാധ്യത തെളിയുന്നത്.

അതേസമയം, ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നാണ് സൂചന. ഇന്ത്യയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാഷ്ട്രീയ പ്രവർത്തനം തുടരുന്നതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റമെന്നാണ് റിപ്പോർട്ടുകൾ.