ഇ-സ്‌കൂട്ടർ ചലഞ്ച്: ദുബായിൽ പിടിമുറുക്കാൻ ആർടിഎ; മേയ് ഒന്ന് മുതൽ റോഡുകളിൽ പ്രത്യേക നിരീക്ഷണ യൂണിറ്റ്

 

ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉൾപ്പെടെയുള്ള വ്യക്തിഗത യാത്രാ മാർഗങ്ങൾ ഉപയോഗിക്കുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ദുബായിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു. ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പൊലീസും സംയുക്തമായി രൂപീകരിച്ച 'പേഴ്‌സണൽ മൊബിലിറ്റി മോണിറ്ററിങ് യൂണിറ്റ്' മേയ് 1 മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമാകും. റോഡ് സുരക്ഷ വർധിപ്പിക്കുക, അപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

ഹെൽമറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിക്കാതിരിക്കുക, നിശ്ചിത വേഗപരിധി ലംഘിക്കുക, അനുവദനീയമല്ലാത്ത പാതകളിലൂടെ വാഹനം ഓടിക്കുക, ഇ-സ്‌കൂട്ടറുകളിൽ ഒന്നിലധികം പേർ യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളാണ് ഈ യൂണിറ്റ് പ്രധാനമായും നിരീക്ഷിക്കുക. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുന്നതിന് പുറമെ, എമിറേറ്റ്‌സ് ഓക്ഷനുമായി സഹകരിച്ച് വാഹനങ്ങൾ കണ്ടുകെട്ടാനുള്ള നടപടികളും അധികൃതർ സ്വീകരിക്കും. ജുമൈറ ബീച്ച് ട്രാക്ക്, മുഹമ്മദ് ബിൻ റാഷിദ് ബൊളുവാർഡ്, ദുബായ് മറീന, കരാമ, അൽ മൻഖൂൽ തുടങ്ങിയ പ്രധാന ഇടങ്ങളിലും ജനവാസ മേഖലകളിലുമായിരിക്കും പരിശോധനകൾ പ്രധാനമായും കേന്ദ്രീകരിക്കുക.

ദുബായിലെ ഗതാഗത സംവിധാനങ്ങളെ ലോകോത്തര നിലവാരത്തിലുള്ള സുരക്ഷയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ യൂണിറ്റിന്റെ പ്രവർത്തനമെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ ഹുസൈൻ അൽ ബന്ന വ്യക്തമാക്കി. അപകടകരമായ പ്രവണതകൾ തടയാനും ഗതാഗത അച്ചടക്കം ഉറപ്പാക്കാനും ഈ നീക്കം സഹായിക്കുമെന്ന് ദുബായ് പൊലീസ് ഓപറേഷൻസ് വിഭാഗം അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. യാത്രക്കാർ പാലിക്കേണ്ട കൃത്യമായ നിർദേശങ്ങൾ ആർടിഎ വെബ്‌സൈറ്റ് വഴി മനസ്സിലാക്കി സുരക്ഷിതമായ യാത്രാ സംസ്‌കാരം വളർത്താൻ സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.