ഇ-സ്‌കൂട്ടറുകൾക്ക് പോലീസ് രജിസ്‌ട്രേഷൻ വരുന്നു; അപകടങ്ങൾ തടയാൻ കർശന നീക്കവുമായി ബഹ്‌റൈൻ

 

ബുദയ്യയിൽ ഇലക്ട്രിക് ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ച ദാരുണമായ സംഭവത്തിന് പിന്നാലെ, ഇ-സ്‌കൂട്ടറുകൾക്കായി പുതിയ രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി നോർത്തേൺ മുനിസിപ്പൽ കൗൺസിലർ മുഹമ്മദ് അൽ ദോസരി രംഗത്തെത്തി. അപകടങ്ങളോ നിയമലംഘനങ്ങളോ ഉണ്ടായാൽ ഉടമയെ എളുപ്പത്തിൽ തിരിച്ചറിയാനും അവരുടെ ഉത്തരവാദിത്തം ഉറപ്പാക്കാനുമാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് റോഡിൽ സ്കൂട്ടർ ഉപയോഗിക്കുന്നത് നിയമവിധേയമാക്കാനുള്ള ശ്രമമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ നിർദ്ദേശപ്രകാരം ഓരോ ഇ-സ്‌കൂട്ടറിലും ഉടമയുടെ വിവരങ്ങൾ അടങ്ങിയ ക്യു.ആർ കോഡോ ബാർകോഡോ പതിപ്പിക്കണം. പരിശോധനാ വേളയിൽ പോലീസിന് ഇത് സ്കാൻ ചെയ്യുന്നതിലൂടെ ഉടമയെ ഉടൻ കണ്ടെത്താൻ സാധിക്കും. 2025 ഫെബ്രുവരി മുതൽ പൊതുറോഡുകളിലും എമർജൻസി ലെയ്‌നുകളിലും ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നവരുടെ സ്കൂട്ടറുകൾ കണ്ടുകെട്ടുമെന്നും അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

സൈക്കിളുകളെ അപേക്ഷിച്ച് ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ അപകടസാധ്യത നാല് മടങ്ങ് കൂടുതലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ബുദയ്യയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജീവനുകൾ പൊലിയാതിരിക്കാൻ അടിയന്തര നടപടികൾ വേണമെന്ന ആവശ്യം ശക്തമാകുകയാണ്. നിലവിൽ പാർക്കുകളിലും വാക് വേകളിലും മാത്രമാണ് ഇത്തരം സ്കൂട്ടറുകൾക്ക് ഉപയോഗിക്കാൻ അനുമതിയുള്ളത്.