ഇത്തിഹാദ് എയർവേസിൽ ഇനി 'ജയ്‌വാൻ' കാർഡ് വഴി ടിക്കറ്റെടുക്കാം

 

യു.എ.ഇയുടെ സ്വന്തം ആഭ്യന്തര പേയ്മെന്റ് കാർഡായ ‘ജയ്‌വാൻ’ (Jaywan) ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഇത്തിഹാദ് എയർവേസ് ആരംഭിച്ചു. ഇതോടെ ജയ്‌വാൻ കാർഡുകൾ സ്വീകരിക്കുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്പനിയായി ഇത്തിഹാദ് മാറി. വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റെടുക്കുമ്പോൾ യാത്രക്കാർക്ക് ഇനി ഈ കാർഡ് ഉപയോഗിച്ച് സുരക്ഷിതമായി പണമടയ്ക്കാം.

യു.എ.ഇ സെൻട്രൽ ബാങ്കിന് കീഴിലുള്ള 'അൽ ഇത്തിഹാദ് പേയ്‌മെന്റ്സ്' വഴിയാണ് ജയ്‌വാൻ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 2026 ജൂലൈയിലാണ് ഈ കാർഡുകൾ പുറത്തിറക്കിയത്.

അടുത്ത ഘട്ടമായി 'ജയ്‌വാൻ റോയൽ' കാർഡുടമകൾക്ക് ടിക്കറ്റ് നിരക്കുകളിൽ പ്രത്യേക ഇളവുകളും മുൻഗണനാ ആനുകൂല്യങ്ങളും നൽകാനും ഇത്തിഹാദ് ലക്ഷ്യമിടുന്നുണ്ട്. 2025 ഒക്ടോബറിൽ ഇരുസ്ഥാപനങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ ഡിജിറ്റൽ സേവനം ലഭ്യമാക്കിയിരിക്കുന്നത്.