അന്താരാഷ്ട്ര യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ ഇത്തിഹാദും എമിറേറ്റ്സും
യുഎഇയിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വവും മികച്ച യാത്രാനുഭവവും ഉറപ്പാക്കുന്നതിനായി പ്രത്യേക ഇൻഷുറൻസ് പരിരക്ഷ നൽകാൻ പ്രമുഖ വിമാനക്കമ്പനികളായ ഇത്തിഹാദ് എയർവേസും എമിറേറ്റ്സ് എയർലൈനും പദ്ധതിയിടുന്നു. അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പുമായി സഹകരിച്ച് യാത്രക്കാർക്ക് സൗജന്യ മെഡിക്കൽ ട്രാവൽ ഇൻഷുറൻസ് നൽകുമെന്ന് ഇത്തിഹാദ് എയർവേസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ‘ദാമൻ’ (Daman) വഴിയാണ് ഇത്തിഹാദ് വിമാനങ്ങളിൽ അബുദാബിയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര സന്ദർശകർക്കും ഈ ആനുകൂല്യം ലഭ്യമാക്കുക. ലോകത്തിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അബുദാബിയിലേക്കുള്ള യാത്രയും ഇവിടുത്തെ താമസവും പരമാവധി സുഗമമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇത്തിഹാദ് എയർവേസ് ചീഫ് എക്സിക്യൂട്ടീവ് അന്റോണിയോ ആൽഡോ നെവെസ് വ്യക്തമാക്കി. അതേസമയം, എമിറേറ്റ്സ് എയർലൈൻ തങ്ങളുടെ ഇൻഷുറൻസ് പാക്കേജിന്റെ പൂർണ്ണ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ടിക്കറ്റ് നിരക്കുകൾ കുറയ്ക്കുന്നതിന് പകരം യാത്രക്കാർക്ക് ഇത്തരം അധിക ആനുകൂല്യങ്ങൾ നൽകാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് എമിറേറ്റ്സ് പ്രസിഡന്റ് ടിം ക്ലാർക്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തിഹാദ് ടിക്കറ്റുകൾക്കൊപ്പം ലഭിക്കുന്ന ഈ ഇൻഷുറൻസ് പരിരക്ഷ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലായിരിക്കും ലഭ്യമാകുക. യുഎഇയിൽ എത്തുന്ന അർഹരായ സന്ദർശകർക്ക് പരമാവധി 15 ദിവസത്തേക്ക് ഈ പരിരക്ഷ ആസ്വദിക്കാം. ഇതിനായി യാത്രക്കാർ പ്രത്യേക അപേക്ഷകൾ സമർപ്പിക്കേണ്ടതില്ല; നിബന്ധനകൾക്ക് വിധേയമായ ടിക്കറ്റുകൾക്കൊപ്പം ഇൻഷുറൻസ് പരിരക്ഷ സ്വയം ലഭ്യമാകും. യുഎഇക്ക് പുറത്തുനിന്നും ടിക്കറ്റെടുത്ത് ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിലേക്ക് പറക്കുന്ന ഏതൊരു യാത്രക്കാരനും ഇതിന് അർഹതയുണ്ടായിരിക്കും. ഇത്തിഹാദിന്റെ സൗജന്യ സ്റ്റോപ്പ് ഓവർ പ്രോഗ്രാം ഉപയോഗിക്കുന്ന കൺസഷൻ യാത്രക്കാർക്കും അവരുടെ താമസകാലയളവിലേക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.