ഇത്തിഹാദ് ലോകത്തെ ഏറ്റവും സുരക്ഷിത വിമാനം; എമിറേറ്റ്‌സ് അഞ്ചാം സ്ഥാനത്ത്

 

ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയിൽ അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയർവേസ് ഒന്നാം സ്ഥാനം സ്വന്തമാക്കി. ലോകത്തെ 320 വിമാനക്കമ്പനികളുടെ സുരക്ഷ, ഓപ്പറേഷൻസ്, ഗുണനിലവാരം എന്നിവ വിലയിരുത്തി 'എയർലൈൻ റേറ്റിങ്സ്' (AirlineRatings.com) പുറത്തുവിട്ട 2026-ലെ റിപ്പോർട്ടിലാണ് ഈ നേട്ടം. ചരിത്രത്തിലാദ്യമായാണ് ഒരു ഗൾഫ് വിമാനക്കമ്പനി സുരക്ഷാ റാങ്കിംഗിൽ ഒന്നാമതെത്തുന്നത്.

ദുബൈ ആസ്ഥാനമായ എമിറേറ്റ്‌സ് പട്ടികയിൽ അഞ്ചാം സ്ഥാനം നേടി യു.എ.ഇയുടെ അഭിമാനം ഉയർത്തി. ബജറ്റ് എയർലൈനുകളുടെ (ചെലവ് കുറഞ്ഞ വിമാനങ്ങൾ) പട്ടികയിൽ ഫ്ലൈദുബൈ നാലാം സ്ഥാനവും കരസ്ഥമാക്കി. ഖത്തർ എയർവേസ് (നാലാം സ്ഥാനം), കാത്തേ പസഫിക് (രണ്ടാം സ്ഥാനം), ക്വാണ്ടാസ് (മൂന്നാം സ്ഥാനം) എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് കമ്പനികൾ.

വ്യോമയാന മേഖലയിൽ യു.എ.ഇ നടത്തുന്ന സുസ്ഥിരമായ നിക്ഷേപങ്ങളുടെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും വലിയ വിജയമായാണ് ഈ റാങ്കിംഗിനെ വിലയിരുത്തുന്നത്. സിംഗപ്പൂർ എയർലൈൻസ്, ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ തുടങ്ങിയ പ്രമുഖ ആഗോള വിമാനക്കമ്പനികളെ പിന്തള്ളിയാണ് യു.എ.ഇ വിമാനങ്ങൾ മുൻനിരയിലെത്തിയത്.