ട്രെയിനിറങ്ങി കാറെടുത്ത് പോകാം: 80 ദിർഹം മുതൽ കാർ വാടകയ്‌ക്ക് നൽകാൻ ഇത്തിഹാദ് റെയിൽ
ട്രെയിൻ യാത്രക്കാർക്കായി 'റെയിൽ ടു റോഡ്' കാർ വാടക സേവനവുമായി ഇത്തിഹാദ് റെയിൽ. സ്റ്റേഷനുകളിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് നേരിട്ട് കാറുകൾ വാടകയ്‌ക്കെടുത്ത് പോകാനുള്ള സൗകര്യമാണ് കമ്പനി ഒരുക്കുന്നത്. ആദ്യ ഘട്ടത്തിൽ അബുദാബി, ഫുജൈറ സ്റ്റേഷനുകളിലാണ് ഈ സേവനം ലഭ്യമാകുക. ത്രിഫ്റ്റി കാർ റെന്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ദിവസേന 80 ദിർഹം മുതൽ 200 ദിർഹം വരെയാണ് വാടക നിരക്കുകൾ. സെക്യൂരിറ്റി ഡെപ്പോസിറ്റോ മുൻകൂട്ടിയുള്ള ബുക്കിംഗോ ഇല്ലാതെ തന്നെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. എല്ലാ പാക്കേജുകളിലും ഇന്ധനവും 60 കിലോമീറ്റർ വരെയുള്ള യാത്രയും ഉൾപ്പെടുന്നു. അധികമായി ഓടുന്ന ദൂരത്തിന് പ്രത്യേക നിരക്ക് ഈടാക്കും. വാഹനങ്ങൾ എടുത്ത സ്റ്റേഷനുകളിലോ മറ്റ് ത്രിഫ്റ്റി കേന്ദ്രങ്ങളിലോ തിരികെ ഏൽപ്പിക്കാവുന്നതാണ്.
ഹാച്ച്ബാക്കുകളും ചെറിയ സെഡാനുകളും ഉൾപ്പെടുന്ന 'എസെൻഷ്യൽ', കോംപാക്റ്റ് എസ്‌യുവികൾ അടങ്ങുന്ന 'കംഫർട്ട്', നിസ്സാൻ പട്രോൾ ഉൾപ്പെടെയുള്ള പ്രീമിയം വാഹനങ്ങൾ ലഭിക്കുന്ന 'സ്ട്രെച്ച്' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് വാഹനങ്ങൾ ലഭ്യമാക്കുക.