അൽ ദഫ്റയിലേക്ക് ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ്; നവംബർ 30 മുതൽ യാത്ര തുടങ്ങാം

 

അൽ ദഫ്റ മേഖലയിലെ ലിവ, മദീനത്ത് സായിദ് സ്റ്റേഷനുകളിൽ നിന്നുള്ള ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസുകൾ നവംബർ 30 മുതൽ ആരംഭിക്കും. അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്‌യാൻ പുതിയ സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

ഇത്തിഹാദ് റെയിൽ ചെയർമാൻ ശൈഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് ശേഷം ഇരുവരും മദീനത്ത് സായിദിൽ നിന്ന് ലിവയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് സൗകര്യങ്ങൾ വിലയിരുത്തി. രാജ്യത്തെ വിവിധ മേഖലകളെ ബന്ധിപ്പിക്കുന്നതിലും പ്രാദേശിക ടൂറിസത്തിനും ബിസിനസിനും കരുത്തേകുന്നതിലും ഈ പാത വലിയ മാറ്റമുണ്ടാക്കുമെന്ന് ഭരണാധികാരികൾ വ്യക്തമാക്കി.

പുതിയ സർവീസ് വരുന്നതോടെ അബൂദബിയിൽ നിന്ന് മദീനത്ത് സായിദിലേക്ക് 55 മിനിറ്റുകൊണ്ടും ലിവയിലേക്ക് ഒരു മണിക്കൂർ 20 മിനിറ്റുകൊണ്ടും എത്തിച്ചേരാനാകും. വരാനിരിക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ പ്രമാണിച്ച് ഡിസംബർ ഒമ്പത് മുതൽ ജനുവരി മൂന്ന് വരെ അബൂദബിക്കും ലിവയ്ക്കും ഇടയിൽ ദിവസേന എട്ട് സർവീസുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഇത്തിഹാദ് റെയിൽ ശൃംഖലയിൽ പ്രവർത്തനക്ഷമമായ സ്റ്റേഷനുകളുടെ എണ്ണം ആറായി ഉയർന്നു. ശേഷിക്കുന്ന പാസഞ്ചർ സ്റ്റേഷനുകൾ അടുത്ത വർഷം ജനുവരി ആദ്യവാരത്തോടെ തുറന്നുനൽകും.