കൂടുതൽ നഗരങ്ങളിലേക്ക് ഇത്തിഹാദ് റെയിൽ: ദുബൈ, ഷാർജ സ്റ്റേഷനുകൾ സെപ്റ്റംബർ 30-ന് തുറക്കും
യുഎഇയുടെ പ്രതിനിധാന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ട്രെയിൻ സർവീസുകൾ കൂടുതൽ എമിറേറ്റുകളിലേക്ക് വ്യാപിക്കുന്നു. ദുബൈയിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപമുള്ള ദുബൈ സ്റ്റേഷനും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും സെപ്റ്റംബർ 30-ന് തുറക്കുമെന്ന് ഇത്തിഹാദ് റെയിൽ പ്രഖ്യാപിച്ചു. അബുദാബി-ഫുജൈറ റൂട്ടിലെ മികച്ച പ്രതികരണത്തിന് പിന്നാലെയാണ് പുതിയ സ്റ്റേഷനുകളുടെ തീയതികൾ പുറത്തുവിട്ടത്.
തുടർന്ന് നവംബർ 30-ന് അൽ ദഫ്ര മേഖലയിലെ മദീനത്ത് സായിദ്, ലിവ സ്റ്റേഷനുകളും ഡിസംബർ 30-ന് അൽ സില, അൽ ദന്ന, അൽ മിർഫ സ്റ്റേഷനുകളും പ്രവർത്തനസജ്ജമാകും. 2027 മാർച്ച് 30-ന് ഷാർജ യൂണിവേഴ്‌സിറ്റി സിറ്റി സ്റ്റേഷൻ കൂടി തുറക്കുന്നതോടെ ആദ്യ ഘട്ട പാസഞ്ചർ നെറ്റ്‌വർക്ക് പൂർത്തിയാകും.
നിലവിൽ അബുദാബി-ഫുജൈറ റൂട്ടിൽ 50 ശതമാനം പ്രാരംഭ ഇളവ് നൽകുന്നുണ്ട്. ദുബൈ ആർ.ടി.എയുടെ 'നോൾ' (Nol) കാർഡുകൾ ഉപയോഗിച്ചും ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്യാം. പൂർണ സജ്ജമാകുന്നതോടെ 900 കിലോമീറ്റർ ദൈർഘ്യത്തിൽ ഏഴ് എമിറേറ്റുകളിലെ 11 പ്രമുഖ നഗരങ്ങളെ ബന്ധിപ്പിക്കുന്ന കൂറ്റൻ റെയിൽ ശൃംഖലയായി ഇത്തിഹാദ് റെയിൽ മാറും.