ആണവ കരാര്‍ ഇല്ലെങ്കിലും ഹോര്‍മുസ് പൂര്‍ണമായി തുറന്നാൽ മതി; യുദ്ധം അവസാനിപ്പിക്കാമെന്ന് ട്രംപ്
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പൽ പാത പൂര്‍ണ്ണമായും തുറന്നു നൽകിയാൽ ആണവ കരാര്‍ ഇല്ലെങ്കിലും യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണൾഡ് ട്രംപ്. ഒരു പുതിയ ആണവ കരാറിൽ എത്തിയില്ലെങ്കിലും പശ്ചിമേഷ്യയിൽ വിജയം പ്രഖ്യാപിക്കാനും സൈനിക നടപടികൾ അവസാനിപ്പിക്കാനും ഒരുക്കമാണെന്നാണ് പ്രസ്താവന. വാൾസ്ട്രീറ്റ് ജേര്‍ണലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.
ഇറാൻ ആക്രമണങ്ങൾ നിര്‍ത്തുകയും ഹോര്‍മുസ് തുറക്കുകയും ചെയ്താൽ യുദ്ധം അവസാനിപ്പിക്കുകയും ഇറാനെതിരായ ഉപരോധങ്ങൾ നീക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്. എന്നാൽ ഇക്കാര്യത്തിൽ ഇറാൻ പ്രതികരിച്ചിട്ടില്ല. യുദ്ധത്തിലെ നഷ്ടപരിഹാരവും പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യു എസ് കേന്ദ്രങ്ങളുടെ അടച്ചു പൂട്ടലും വരെ ഇറാന്റെ ആവശ്യങ്ങളിൽ ഉണ്ട്. മാത്രമല്ല ഇതല്ലാതെ അമേരിക്കയെ വിശ്വസിക്കില്ലെന്നും അവര്‍ നേരത്തെ പറഞ്ഞു വെച്ചിരുന്നു. രണ്ടാമത്തെ സമാധാന കരാര്‍ തകരുന്നതിന് പരസ്പര വിശ്വാസം നഷ്ടപ്പെട്ട സാഹചര്യവും കാരണമായിരുന്നു. ഇസ്ലാമാബാദ് കരാര്‍ ലംഘിച്ചത് മുഖ്യമായും അമേരിക്കയാണ് എന്നാണ് ആരോപണം.