ഒമാനിൽ പുകവലി നിർത്താൻ സഹായിക്കുന്ന ഉൽപന്നങ്ങൾക്ക് എക്സൈസ് നികുതി ഒഴിവാക്കി
ഒമാനിൽ പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന ഉൽപന്നങ്ങളെ എക്സൈസ് നികുതിയിൽ നിന്ന് പൂർണമായി ഒഴിവാക്കി. രാജ്യത്തെ എക്സൈസ് നിയമപ്രകാരം 100 ശതമാനം നികുതി ചുമത്തിയിരുന്ന വിഭാഗത്തിൽ നിന്നാണ് ഈ ഉൽപന്നങ്ങളെ ഇപ്പോൾ നീക്കിയിരിക്കുന്നത്. ടാക്സ് അതോറിറ്റിയുടെ പുതിയ ഉത്തരവ് (നമ്പർ 192/2026) പ്രകാരമാണ് ഈ ഇളവ് പ്രാബല്യത്തിൽ വന്നത്.
നിക്കോട്ടിൻ ച്യൂയിംഗ് ഗം, ഗുളികകൾ, സ്കിൻ പാച്ചുകൾ, സ്പ്രേകൾ, നേസൽ ഡ്രോപ്പുകൾ, ഇൻജക്ഷനുകൾ എന്നിവയ്ക്കാണ് ഇളവ് ലഭിക്കുക. ഓഗസ്റ്റ് ഒൻപതിന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
അതേസമയം പുകയില ഉൽപന്നങ്ങൾ, എനർജി ഡ്രിങ്കുകൾ, ഇലക്ട്രോണിക് പുകവലി ഉപകരണങ്ങൾ എന്നിവയ്ക്കുള്ള 100 ശതമാനം എക്സൈസ് നികുതി തുടരും. എന്നാൽ പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന ആരോഗ്യസംരക്ഷണ ഉൽപന്നങ്ങളെ ഇതിൽ നിന്ന് വേർതിരിച്ചു കാണാനാണ് നിയമഭേദഗതി വരുത്തിയിരിക്കുന്നത്.