റേസിങ് പ്രേമികൾക്ക് ആവേശം; വേർഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിന് 2036 വരെ ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും

 

ലോകപ്രശസ്ത മോട്ടോർസ്‌പോർട്ട് പോരാട്ടമായ എഫ്.ഐ.എ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിന് (FIA WEC) വരും വർഷങ്ങളിലും ബഹ്‌റൈൻ വേദിയാകും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എൻഡുറൻസ് റേസിംഗ് പരമ്പരയുമായുള്ള കരാർ 2036 വരെ ദീർഘിപ്പിച്ചതായി ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ട് (BIC) പ്രഖ്യാപിച്ചു. 2012-ൽ ചാമ്പ്യൻഷിപ്പ് ആരംഭിച്ചത് മുതൽ അതിന്റെ പ്രധാന പങ്കാളിയാണ് ബഹ്‌റൈൻ.

ഇതുവരെ 14 തവണയാണ് ബി.ഐ.സിയിൽ ഡബ്ല്യു.ഇ.സി മത്സരങ്ങൾ അരങ്ങേറിയത്. ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടങ്ങൾക്ക് സാഖിർ സ്ഥിരമായി വേദിയാകാറുണ്ട്. മോട്ടോർസ്‌പോർട്ട് രംഗത്തോടുള്ള രാജ്യത്തിന്റെ ദീർഘകാല പ്രതിബദ്ധതയുടെ തെളിവാണ് പുതിയ കരാറെന്ന് ബി.ഐ.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശൈഖ് സൽമാൻ ബിൻ ഈസ അൽ ഖലീഫ വ്യക്തമാക്കി.

ഈ വർഷത്തെ ഡബ്ല്യു.ഇ.സി മത്സരങ്ങൾ നവംബർ 5 മുതൽ 7 വരെയാണ് നടക്കുന്നത്. ഇത്തവണയും സീസണിലെ എട്ടാമത്തെയും അവസാനത്തെയും റൗണ്ടിനാണ് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്നത്. ഇതിനൊപ്പം പുറത്തുവിട്ട 2027-ലെ ഡബ്ല്യു.ഇ.സി കലണ്ടർ പ്രകാരം ഒമ്പത് റേസുകളുള്ള ആ സീസണിന്റെ ഫൈനൽ മത്സരവും നവംബർ 4 മുതൽ 6 വരെ ബഹ്‌റൈനിൽ തന്നെയായിരിക്കും നടക്കുക.