മദീനയിൽ പൊതു ടാക്സി സർവീസുകൾ വ്യാപിപ്പിക്കുന്നു; പ്രമുഖ കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
നഗരത്തിലെ യാത്രാസൗകര്യങ്ങൾ കൂടുതൽ എളുപ്പവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി പൊതു ടാക്സി സർവീസുകൾ വ്യാപിപ്പിക്കാൻ മദീന വികസന അതോറിറ്റി തീരുമാനിച്ചു. ഇതിനായി പരിചയസമ്പന്നരായ പ്രാദേശിക, അന്താരാഷ്ട്ര കമ്പനികളിൽ നിന്ന് അതോറിറ്റി യോഗ്യതാ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. കൃത്യമായ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് മികച്ച ഗതാഗത സേവനം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
താല്പര്യമുള്ള കമ്പനികൾക്ക് സെപ്റ്റംബർ 3 വരെ പദ്ധതിയെക്കുറിച്ച് സംശയങ്ങൾ ഉന്നയിക്കാവുന്നതാണ്. യോഗ്യതാ രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 7 ആണ്. സൗദി സർക്കാരിന്റെ ഔദ്യോഗിക ടെൻഡർ പ്ലാറ്റ്‌ഫോമായ 'ഇതിമാദ്' (Etimad) വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ പരിശോധന സെപ്റ്റംബർ 8 മുതൽ ആരംഭിക്കും. രേഖകൾ പരിശോധിച്ച് യോഗ്യത നേടുന്ന കമ്പനികളെയായിരിക്കും പൊതു ടാക്സി സർവീസുകളുടെ നടത്തിപ്പിനായി അന്തിമമായി തിരഞ്ഞെടുക്കുക.