10 വർഷമായി നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന പ്രവാസി മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു
Jun 16, 2026, 13:05 IST
വിസ സംബന്ധമായ നിയമപരമായ തടസ്സങ്ങൾ കാരണം കഴിഞ്ഞ പത്ത് വർഷമായി നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.തിരുവനന്തപുരം വർക്കല ജനാർദ്ദനപുരം സ്വദേശിയായ ആർ. ഹരിദാസ് (57) ആണ് സൗദിയിലെ വടക്കൻ മേഖലയിലെ റഫായിൽ മരിച്ചത്. കഴിഞ്ഞ 35 വർഷമായി ഒരു സൗദി പൗരന്റെ കീഴിൽ ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം.എം.എസ്. ശ്രീകല ആണ് ഭാര്യ. മക്കൾ നിതിൻ കൃഷ്ണ (26), നിഖിൽ കൃഷ്ണൻ എച്ച് (21) എന്നിവരാണ്.മൃതദേഹം നിലവിൽ റഫ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ (ട്രിവ) പ്രസിഡന്റ് നാസർ കല്ലറ, ഒ.ഐ.സി.സി പ്രവർത്തകൻ മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിക്കുന്നത്.