ധാക്കയിൽ സ്ഫോടനം; ഫ്ലൈ ഓവറിൽനിന്ന് സ്ഫോടക വസ്തുക്കൾ വലിച്ചെറിഞ്ഞു, ഒരാൾ കൊല്ലപ്പെട്ടു

 

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ മോഗ്ബസാറിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകത്തിന് മുൻവശത്തുള്ള ഫ്ലൈ ഓവറിന് താഴെയാണ് സ്ഫോടനം നടന്നത്. ഫ്ലൈ ഓവറിന് മുകളിൽനിന്ന് താഴേക്ക് സ്ഫോടക വസ്തുക്കൾ എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ മൊഴി നൽകി.

സ്വകാര്യ ഫാക്ടറി ജീവനക്കാരനായ സിയാം എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. സ്ഫോടനം നടന്ന സമയത്ത് സിയാം ഈ പ്രദേശത്തുണ്ടായിരുന്നു. തിരക്കേറിയ സ്മാരകത്തിന് സമീപം നടന്ന സ്ഫോടനം വലിയ പരിഭ്രാന്തി പരത്തി. ആക്രമണത്തിന് പിന്നാലെ അക്രമികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി പ്രദേശം വളയുകയും പരിശോധനകൾ ആരംഭിക്കുകയും ചെയ്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലെന്നും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ധാക്കാ മെട്രോപൊളിറ്റൻ പോലീസിലെ ഡെപ്യൂട്ടി കമ്മിഷണർ മസൂദ് ആലം അറിയിച്ചു.