ഹജ്ജ് തീർഥാടകർക്കായി അതിവിപുലമായ യാത്രാസൗകര്യങ്ങൾ; 12,000 വിമാന സർവീസുകളും 7,000 ട്രെയിനുകളും
ഈ വർഷത്തെ ഹജ്ജ് സീസണിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ദശലക്ഷക്കണക്കിന് തീർഥാടകർക്കായി ഗതാഗത രംഗത്ത് വൻ സജ്ജീകരണങ്ങൾ പൂർത്തിയായതായി സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രാലയം അറിയിച്ചു. വിമാനം, ട്രെയിൻ, ബസ്, കപ്പൽ തുടങ്ങിയ എല്ലാ ഗതാഗത മാർഗ്ഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സംയോജിത പദ്ധതിയാണ് ഇത്തവണ നടപ്പിലാക്കുന്നത്. തീർഥാടകർക്ക് ഏറ്റവും സുഗമവും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
31 ലക്ഷം സീറ്റുകൾ ലഭ്യമാകുന്ന രീതിയിൽ 12,000-ത്തിലധികം ഷെഡ്യൂൾഡ്, ചാർട്ടർ വിമാന സർവീസുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനായി രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മിന, മുസ്ദലിഫ, അറഫാത്ത് എന്നീ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിച്ച് 2,000-ത്തിലധികം ട്രെയിൻ സർവീസുകൾ നടത്തും. ഇതിലൂടെ 20 ലക്ഷത്തിലധികം പേർക്ക് യാത്രാസൗകര്യം ലഭിക്കും. കൂടാതെ, മക്ക, മദീന, ജിദ്ദ വിമാനത്താവളം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് 22 ലക്ഷം സീറ്റുകൾ ലഭ്യമാകുന്ന 5,300 സർവീസുകളും ഉണ്ടാകും.
കരമാർഗ്ഗമുള്ള യാത്രയ്ക്കായി 33,000 അത്യാധുനിക ബസുകളും 5,000 ടാക്സികളും നിരത്തിലിറക്കും. തീർഥാടകരുടെ സൗകര്യാർത്ഥം താമസസ്ഥലത്തുനിന്ന് തന്നെ ലഗേജുകൾ നേരിട്ട് വിമാനത്താവളത്തിലേക്ക് അയക്കാനുള്ള സൗകര്യം ഇത്തവണ ലഭ്യമാണ്. കൂടാതെ, സംസം വെള്ളം മുൻകൂട്ടി ബുക്ക് ചെയ്യാനും വിമാനത്താവളങ്ങളിൽ നിന്ന് എളുപ്പത്തിൽ കൈപ്പറ്റാനുമുള്ള സംവിധാനങ്ങൾ വിപുലീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. തീർഥാടകർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ ഓരോ ഘട്ടത്തിലും സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഗതാഗത നിയന്ത്രണം ഒരുക്കിയിരിക്കുന്നത്.