കൊടും ചൂടും പൊടിക്കാറ്റും; യുഎഇയിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം
യുഎഇയിൽ കടുത്ത വേനൽക്കാലം ആരംഭിച്ചതോടെ രാജ്യത്തുടനീളം ചൂട് വൻതോതിൽ വർദ്ധിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. ഇന്ന് രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും കടുത്ത ചൂടും ഒപ്പം ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കിഴക്കൻ തീരപ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം.
രാജ്യത്തെ ഉയർന്ന താപനില 25°C മുതൽ 47°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ദുബായിൽ ഉയർന്ന താപനില 43°C ഉം അബുദാബിയിൽ 41°C ഉം രേഖപ്പെടുത്തിയേക്കും. ചില തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം (Humidity) 90 ശതമാനം വരെ ഉയർന്നേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ദിശകളിൽ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയായി ശക്തിപ്പെടാനും, ഇത് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചപരിധി കുറയുന്നതിനും കാരണമായേക്കാം. അതേസമയം അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമോ മിതമായ രീതിയിലോ ആയിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.