ബഹ്റൈനിൽ ചൊവ്വാഴ്ച വരെ കനത്ത ചൂടും ഹ്യുമിഡിറ്റിയും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
ബഹ്റൈനിൽ വരും ദിവസങ്ങളിൽ ചൂടിന്റെ കാഠിന്യവും ഈർപ്പവും വർധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വരുന്ന ചൊവ്വാഴ്ച വരെ രാജ്യത്ത് കടുത്ത ചൂടും ഉയർന്ന ഹ്യുമിഡിറ്റിയും അനുഭവപ്പെടും. ഇന്ന് പരമാവധി ആർദ്രത 90 ശതമാനവും ഞായറാഴ്ചയോടെ 95 ശതമാനമായും ഉയരാനാണ് സാധ്യത. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ആർദ്രത 90 ശതമാനമായി തുടരും.
ഉയർന്ന താപനില 45 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 31 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്താൻ സാധ്യത. ഇന്ന് കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും, ഞായറാഴ്ച ഇത് 43 ഡിഗ്രിയായി കുറഞ്ഞ ശേഷം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീണ്ടും 44 ഡിഗ്രിയിലേക്ക് ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൂടുള്ള കാലാവസ്ഥയോടൊപ്പം കാറ്റ് മാറിമാറി വീശുമെന്നും ചില ദിവസങ്ങളിൽ കാറ്റിന്റെ ദിശ വടക്കുകിഴക്കൻ മേഖലയിലേക്ക് തിരിയാൻ സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിൽ തിരമാലകൾ ഒന്ന് മുതൽ മൂന്ന് അടി വരെ ഉയർന്നേക്കാം.